ന്യൂദല്‍ഹി/കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ വിലക്ക് റദ്ദാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കിയത്.
സര്‍ക്കാറിനെ വിമര്‍ശിക്കുക എന്ന് പറയുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും കോടതി അറിയിച്ചു. സകല മാധ്യമങ്ങളും കൂടെ നില്‍ക്കണമെന്നത് സര്‍ക്കാരിന്റെ തെറ്റായ ചിന്തയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളത് രാജ്യവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
‘സര്‍ക്കാര്‍ തീരുമാനം നിലനിര്‍ത്തുന്നതിന് ഹൈക്കോടതി കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കേന്ദ്രം നാല് ആഴ്ചക്കകം ലൈസന്‍സ് പുതുക്കി നല്‍കണം.
മുദ്രവെച്ച കവറില്‍ കോടതിയില്‍ വിശദീകരണം നല്‍കിയത് നീതിന്യായ വ്യവസ്ഥയുടെ സ്വാഭാവിക നീതിയുടെ ലംഘനമാണ്,’ കോടതി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം, ദേശീയപൗരത്വ രജിസ്റ്റര്‍, നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നീ റിപ്പോര്‍ട്ടുകള്‍ക്കെതിരെയായിരുന്നു ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തത്.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളൊന്നും ലൈസന്‍സ് റദ്ദാക്കാനുള്ള ന്യായമായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി.
‘സത്യം ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്.സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാജ്യവിരുദ്ധമല്ല.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമാണ് ശക്തമായ ജനാധിപത്യത്തിന് ആവശ്യം,’ കോടതി പ്രസ്താവിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 31നാണ് സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് മീഡിയാ വണിന്റെ പ്രവര്‍ത്താനാനുമതി വിലക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ മീഡിയാ വണ്‍ ചാനല്‍ ഉടമകളോ ജീവനക്കാരോ ദേശസുരക്ഷയ്ക്ക് ദോഷകരമായ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ ഹരജി നല്‍കുകയായിരുന്നു.
വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെ മീഡിയാ വണ്‍ ഹൈക്കോടതിയെയായിരുന്നു സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി കേന്ദ്ര തീരുമാനം ശരിവെച്ചതോടെ മീഡിയാ വണ്‍ സുപ്രീം കോടതിയെ സമീപിച്ചു.
CONTENT HIGHLIGHT: Supreme Court cancels ban on MediaOne channel