സര്‍ദാരിയ്‌ക്കെതിരായ കേസ് അന്വേഷിച്ചില്ല: പാക് പ്രധാനമന്ത്രി നിയമക്കുരുക്കില്‍
World
സര്‍ദാരിയ്‌ക്കെതിരായ കേസ് അന്വേഷിച്ചില്ല: പാക് പ്രധാനമന്ത്രി നിയമക്കുരുക്കില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th August 2012, 12:38 pm

ഇസ്‌ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാന്‍ നടപടിയെടുക്കാത്തതില്‍ പുതിയ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫ് നിയമക്കുരുക്കില്‍.

രാജ പര്‍വേസ് പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതിന്‌ശേഷം ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതി കേസ് അന്വേഷിക്കാന്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. കേസുകള്‍ ഇപ്പോഴും പഴയ അവസ്ഥയില്‍ തന്നെയാണ്.[]

ഈ സാഹചര്യത്തിലാണ് രാജ പര്‍വേസ് അഷ്‌റഫിനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഈ മാസം 27 ന് ഹാജരാകാനാണ് നിര്‍ദേശം.

2007 ല്‍ അവസാനിപ്പിച്ച കേസുകള്‍ വീണ്ടും അന്വേഷിക്കണമെന്ന് സ്വിസ് അധികൃതരോട് ആവശ്യപ്പെടാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി പ്രധാനമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കേസ് നടപടികള്‍ അടുത്ത മാസം ആദ്യ ആഴ്ചയിലേക്ക് നീട്ടിവെയ്ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ രാജിയിലേക്ക് നയിച്ചതും ഈ കേസുമായി ബന്ധപ്പെട്ട കോടതി നടപടികളായിരുന്നു.