ന്യൂദല്‍ഹി: പതഞ്ജലി മരുന്നുകളുടെ പരസ്യങ്ങള്‍ തടഞ്ഞ് സുപ്രീം കോടതി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പതഞ്ജലി മരുന്നുകളുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സുപ്രീം കോടതി അറിയിച്ചു.
താക്കീത് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും കോടതിയെ സ്ഥാപനം വെല്ലുവിളിക്കുകയാണെന്നും സുപ്രീം കോടതി ഉത്തരവില്‍ വിമര്‍ശിച്ചു. മരുന്നുകളെ സംബന്ധിച്ച് വ്യാജ പ്രചാരങ്ങള്‍ നടത്തിയാല്‍ ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.
കേസില്‍ ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയതില്‍ രാംദേവ് സന്യാസിയാണെന്ന് അഭിഭാഷകന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ അലോപതിക്കെതിരെ പ്രസ്താവന നടത്തിയതില്‍ ബാബാ രാംദേവിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പതഞ്ജലി കമ്പനിക്കും എം.ഡി ആചാര്യ ബാല്‍ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസും രജിസ്ട്രാര്‍ നല്‍കി. കോടതി ഉത്തരവിനെതിരായ പരാമര്‍ശത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്.
അധിക പണം കമ്പനിയുടെ കൈവശമുണ്ടെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനും തടയാനും നിയമം ഇടപെടല്‍ നടത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കോടതി ഉത്തരവിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ ബാബാ രാംദേവ് ഇതുസംബന്ധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയെന്ന് ഐ.എം.എ വാദിച്ചു. പതഞ്ജലിയുടെ മരുന്നുകള്‍ രോഗശാന്തി വരുത്തിയെന്ന് അവകാശവാദം ഉന്നയിച്ചുവെന്നും ഐ.എം.എ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തെറ്റായ പരസ്യത്തില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എണ്ണത്തില്‍ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്.
Content Highlight: Supreme Court bans advertisements of Patanjali medicines