ന്യൂദല്‍ഹി: 2002ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ജീവപര്യന്തം തടവിന് വിധിച്ച എട്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രഛൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. സമാന കേസില്‍ കൊലക്കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന നാല് പേരുടെ ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 31 പേരുടെ ജാമ്യഹരജികളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രഛൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജെ.ബി. പര്‍ധിവാല എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച പരിഗണിച്ചത്.
ഇതില്‍ 20 പേര്‍ക്ക് ഗുജറാത്തിലെ വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചത് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി വിധി പുനപരിശോധിക്കണമെന്നും കേസിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്നും ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിചാരണ വേളയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയാരുന്നു.
2002 ഫെബ്രുവരി 27ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിലുണ്ടായ തീപിടുത്തത്തില്‍ 59 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കൂട്ടക്കൊലയിലെ പ്രതികളെ കഴിഞ്ഞ ദിവസം ഗുജറാത്തിലെ സ്പെഷ്യല്‍ കോടതി വെറുതെ വിട്ടിരുന്നു.
കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ഗുജറാത്ത് മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി തുടങ്ങിയ 68 പ്രതികളെയാണ് ഗുജറാത്തിലെ സ്പെഷ്യല്‍ കോടതി വെറുതെവിട്ടത്.
കൂട്ടക്കൊല നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചിരുന്നത്. വിചാരണ വേളയില്‍ 18 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
Content Highlight: supreme court bail to godhra case accused