'ഒരു പൗരന്റെ അവകാശങ്ങളാണ് ഹനിക്കപ്പെട്ടത്, എന്തിനാണ് ഈ അറസ്റ്റ്?' യോഗിയ്‌ക്കെതിരായ ട്വീറ്റിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ തടവിലിട്ടതിനെതിരെ സുപ്രീം കോടതി
ന്യൂദല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള ട്വീറ്റിന്റെ പേരില്‍ യു.പി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തില്‍, എന്തിന്റെ പേരിലാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നും കോടതി ചോദിച്ചു.
യോഗിയ്‌ക്കെതിരായ ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞ 11 ദിവസമായി ജയിലില്‍ കഴിയുകയാണ് കനൂജിയ.
കനൂജിയയുടെ അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യ ജാഗിഷ അറോറ കോടതിയെ സമീപിച്ചത്. അവധിക്കാല ബെഞ്ചിലുള്‍പ്പെട്ട ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും അജയ് റാസ്‌തോഗിയുമാണ് ഹരജി പരിഗണിച്ചത്.
യു.പി മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചായിരുന്നു കനൂജിയയെ അറസ്റ്റു ചെയ്തത്. ‘ഇത്തരമൊരു കേസില്‍ എന്തിനാണ് 11 ദിവസം റിമാന്‍ഡില്‍ ഇടുന്നത്?’ എന്ന് സുപ്രീം കോടതി ചോദിച്ചു. ‘ഇത് ശരിയായ നിലപാടല്ല’ എന്നും കോടതി നിരീക്ഷിച്ചു.
‘ഒരു പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ് ഹനിക്കപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ രേഖകള്‍ പരിശോധിച്ചു. ഭിന്ന അഭിപ്രായങ്ങളുണ്ടാവാം. എന്തിനാണ് ഈ അറസ്റ്റ്?’ എന്നും കോടതി ചോദിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന സ്ത്രീയുടെ ആരോപണം ട്വീറ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടര്‍ പ്രശാന്ത് ജഗദീഷ് കനൂജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കുമുമ്പില്‍ ഒരു സ്ത്രീ, തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ ആണ് പ്രശാന്ത് ഷെയര്‍ ചെയ്തത്. ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
‘സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഇതാണ് നടപടിക്ക് കാരണമായത്.
എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് പൊലീസ് ദുരൂഹമായ വിവരങ്ങളാണ് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത പ്രശാന്തിനെ പിന്നീട് ലഖ്നൗവിലേക്ക് മാറ്റിയെന്നാണ് വിവരം.
അറസ്റ്റ് ചെയ്യാനെത്തിയവര്‍ യൂണിഫോമിലല്ലായിരുന്നെന്നും അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ചില്ലെന്നും പ്രശാന്തിന്റെ ഭാര്യ പറഞ്ഞിരുന്നു. പൊലീസുകാരാണെന്ന് അറിയിക്കാതെ പ്രശാന്തിന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കും മേലുള്ള കടന്ന് കയറ്റമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രതികരിച്ചിരുന്നു.