കൊലക്കേസ് പ്രതിയെ നോട്ടീസ് കൊടുത്താണോ വിളിപ്പിക്കേണ്ടതെന്ന് സുപ്രീംകോടതി; ലഖിംപൂരില്‍ മുഖം നഷ്ടപ്പെട്ട് യോഗി സര്‍ക്കാര്‍
Lakhimpur Kheri Protest
കൊലക്കേസ് പ്രതിയെ നോട്ടീസ് കൊടുത്താണോ വിളിപ്പിക്കേണ്ടതെന്ന് സുപ്രീംകോടതി; ലഖിംപൂരില്‍ മുഖം നഷ്ടപ്പെട്ട് യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th October 2021, 1:56 pm

ന്യൂദല്‍ഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത് രൂക്ഷവിമര്‍ശനം. സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ സമീപനം പ്രതീക്ഷിച്ചുവെന്ന് കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുപ്രീം കോടതിയ്ക്ക് ഈ വിഷയത്തില്‍ നിരവധി മെയിലുകളാണ് വന്നിട്ടുള്ളതെന്ന് രമണ വ്യക്തമാക്കി.

ലഖിംപൂരില്‍ നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം വാക്കുകളില്‍ മാത്രമൊതുങ്ങിയെന്നും നടപടിയുണ്ടായില്ലെന്നും കോടതി പറഞ്ഞു.

കൊലക്കേസില്‍ പ്രതിയായ ആളെ നോട്ടീസ് കൊടുത്ത് വിളിപ്പിക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു.

കേസ് മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടി വരുമെന്ന സൂചനയും കോടതി നല്‍കി. എന്നാല്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറെന്ന് യു.പി സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹരീസ് സാല്‍വേ അറിയിച്ചു.

എന്നാല്‍ കേസിലുള്‍പ്പെട്ടയാളെക്കുറിച്ച് നോക്കുമ്പോള്‍ സി.ബി.ഐ പര്യാപ്തമാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

യു.പി സര്‍ക്കാരിന്റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. ഹരജി പൂജ അവധിയ്ക്ക് ശേഷം പരിഗണിക്കും.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.

എന്നാല്‍ ആശിഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme Court asks UP govt why Ashish Misra not arrested yet Lakhimpur Kheri