| Saturday, 11th January 2020, 10:49 pm

മരട് നിലം പതിച്ചു, അടുത്തത് കാപ്പിക്കോയോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കായല്‍ കയ്യേറ്റത്തെത്തുടര്‍ന്നുള്ള പരാതിയില്‍ സുപ്രീംകോടതി വിധിപ്രകാരം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കപ്പെട്ടുകഴിഞ്ഞു. ഇതേ സമയത്ത് തന്നെയാണ് സമീപ ജില്ലയിലെ മറ്റൊരു കായല്‍ കയ്യേറ്റവും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വേമ്പനാട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ച മുത്തൂറ്റ് കാപ്പിക്കോ എന്ന സപ്തനക്ഷത്ര ഹോട്ടല്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരിക്കുന്നു. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, വി.രാമസുബ്രഹ്മണ്യം എന്നിവരാണ് കാപ്പിക്കോ ഉടമകള്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ട് റിസോര്‍ട്ടുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. റിസോര്‍ട്ട് ഉടമകള്‍ നടത്തിയ കായല്‍ കയ്യേറ്റത്തിനെതിരെ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവന്ന നിയമപോരാട്ടങ്ങളുടെ ഫലമാണ് ഈ കോടതിവിധി.

യുനസ്‌കോയുടെ റാംസര്‍ കണ്‍സര്‍വേഷന്‍ പ്രകാരം അതീവ സംരക്ഷണ പ്രാധാന്യമുള്ള ചതുപ്പ് നിലമാണ് വേമ്പനാട്ടുകായലിന്റെ ഭാഗമായുള്ള ചേര്‍ത്തല നെടിയ തുരുത്ത്. ഇവിടെയാണ് 150 ലധികം കോടി രൂപ ചിലവഴിച്ച് കേരളത്തിലെ മുത്തൂറ്റും കുവൈത്തിലെ കാപ്പിക്കോ ഗ്രൂപ്പുകളും ചേര്‍ന്ന് സപ്തനക്ഷത്ര ഹോട്ടല്‍ പണിതുയര്‍ത്തിയത്.

തീരദേശ പരിപാലന നിയമങ്ങളുടെയും 1957 ലെ ഭൂസംരക്ഷണ നിയമത്തിന്റെയും ലംഘനം വഴി ഹെക്ടര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറ്റം ചെയ്യപ്പെട്ടതെന്ന് കോടതി നിരീക്ഷിക്കുന്നു. റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കണമെന്ന് 2013 ല്‍ തന്നെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതില്‍ സ്‌റ്റേ ആവശ്യപ്പെട്ട് കാപ്പിക്കോ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് പരമോന്നത നീതിപീഠത്തിന്റെ പരിഗണയിലെത്തുന്നത്.

ചേര്‍ത്തലയ്ക്കടുത്തുള്ള പാണാവള്ളിയി പഞ്ചായത്തിലെ ഈ ആള്‍വാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ, കാപ്പിക്കോ ഗ്രൂപ്പ് കണ്ണുവെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയോ ഗതാഗത മാര്‍ഗങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു ഈ പ്രദേശം. കുടിവെള്ള പ്രശ്‌നവും വെള്ളപ്പൊക്ക ഭീഷണിയും എല്ലാം നിലനിന്നിരുന്നതിനാല്‍ ദ്വീപില്‍ ഭൂമിയുടെ വില വളരെ തുച്ഛമായിരുന്നു. ഇവിടെയ്ക്കാണ് സ്ഥലം വാങ്ങാനായി റിസോര്‍ട്ട് സംഘം എത്തിയത്. തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളില്‍ നിന്നും കുറഞ്ഞവിലയ്ക്ക് ഇവര്‍ സ്ഥലം വാങ്ങിക്കൂട്ടി. ബാക്കിയുള്ളത് കയ്യേറിയും കായലില്‍ മണ്ണിട്ട് നികത്തിയും ഹെക്ടര്‍ കണക്കിന് ഭൂമി സ്വന്തമാക്കിയ കാപ്പിക്കോ അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോര്‍ട്ടുകളാണ് ഇവിടെ പണിതുയര്‍ത്തിയത്.

തദ്ദേശവാസികളായ നൂറുകണക്കിന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ചെമ്മീന്‍കൃഷി നടത്തിയിരുന്ന പ്രദേശങ്ങള്‍ ഇതുവഴി നികത്തപ്പെട്ടു. ഉപജീവനം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് റിസോര്‍ട്ടിനെതിരെ പരാതിയുമായി ആദ്യം രംഗത്ത് വന്നത്. പരാതികളെതുടര്‍ന്നുള്ള പരിശോധനയില്‍ കാപ്പിക്കോ, ഭൂമി കയ്യേറിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012 ലാണ്.

2.0939 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കാപ്പിക്കോ കയ്യേറിയിട്ടുണ്ടെന്ന് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. തുടര്‍ന്ന് ചേര്‍ത്തല ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈയേറ്റം സംബന്ധിച്ച നോട്ടീസ് നല്‍കുകയും ചെയ്തു.

റിസോര്‍ട്ട് മാനേജ്‌മെന്റ്ിനെ പ്രതിചേര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഏഴ് ഹരജികളില്‍ 2013 ജൂണ്‍ 25 നാണ് കേരള ഹൈക്കോടതി വിധി പറഞ്ഞത്. നിര്‍മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാക്കണമെന്നതായിരുന്നു ഉത്തരവ്. തണ്ണീര്‍തടങ്ങള്‍ നികത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി, കായല്‍ കയ്യേറി, അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിര്‍മ്മിച്ചു എന്നീ ആരോപണങ്ങളാണ് ഹൈക്കോടതി മുഖ്യമായും പരിഗണിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഹോക്കോടതി വിധിയെ സുപ്രീം കോടതി കൂടി ശരിവെച്ചതോടെ തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ തങ്ങള്‍ക്ക് നീതി ലഭിച്ചു എന്ന വിശ്വാസത്തിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകള്‍ നശിപ്പിച്ചും പ്രദേശത്തെ മത്സ്യബന്ധനത്തെ തടഞ്ഞും റിസോര്‍ട്ട് നിര്‍മാണം മുന്നോട്ടുപോയപ്പോള്‍ വലിയ പ്രതിസന്ധികളായിരുന്നു ഈ തൊഴിലാളികള്‍ നേരിട്ടത്. തങ്ങളുടെ പരമ്പരാഗത ആവാസവ്യവസ്ഥയെയും ഉപജീവന സാധ്യതകളെയും നിലനിര്‍ത്താനായി തൊഴിലാളികള്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട യുദ്ധം ഒടുവില്‍ വിജയം കണ്ടിരിക്കുകയാണ്

DoolNews Video

We use cookies to give you the best possible experience. Learn more