ബി.ജെ.പിക്കും എസ്.ബി.ഐക്കും വീണ്ടും തിരിച്ചടി; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ അപൂർണം, മറുപടി തേടി സുപ്രീം കോടതിയുടെ നോട്ടീസ്
national news
ബി.ജെ.പിക്കും എസ്.ബി.ഐക്കും വീണ്ടും തിരിച്ചടി; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ അപൂർണം, മറുപടി തേടി സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2024, 12:01 pm

ന്യൂദൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങളിൽ സീരിയൽ നമ്പറുകൾ എന്തുകൊണ്ട് ഇല്ലെന്ന് എസ്.ബി.ഐയോട് സുപ്രീം കോടതി. രേഖകൾ അപൂർണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും എസ്.ബി.ഐക്ക് കോടതി നോട്ടീസ് നൽകി.

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും മാർച്ച്‌ 12നകം ലഭ്യക്കണമെന്ന് വിധിയിലും ഉത്തരവിലും വ്യക്തമായി പറഞ്ഞതാണല്ലോ എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകൾ തിരികെ നൽകാമെന്നും മാർച്ച്‌ 17നകം മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

എന്തുകൊണ്ട് സീരിയൽ നമ്പറുകൾ പ്രസിദ്ധീകരിച്ചില്ല എന്ന സുപ്രീം കോടതി നോട്ടീസിന് എസ്.ബി.ഐയോട് മാർച്ച്‌ 18നകം മറുപടി നൽകണമെന്നും നിർദേശമുണ്ട്.

സീരിയൽ നമ്പറുകൾ ലഭ്യമാക്കിയാലേ ആര് ആർക്കാണ് സംഭാവനകൾ നൽകിയതെന്ന് തിരിച്ചറിയാൻ സാധിക്കൂ.

2019നും 2024നുമിടയിൽ രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ടുകൾ സംഭാവന ചെയ്ത ആദ്യ അഞ്ചിലെ മൂന്ന് കമ്പനികളും ഇ.ഡിയുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്നവരാണ്.

ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയ്മിങ്, നിർമാണ സ്ഥാപനമായ മേഘ എഞ്ചിനീയറിങ്, ഖനന ഭീമന്മാരായ വേദാന്ത എന്നീ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.

2019 മുതൽ 2024 വരെ കാലയളവിൽ 6050 കോടി രൂപയാണ് ബി.ജെ.പി കൈപ്പറ്റിയത്. ആകെ ഇലക്ടറൽ ബോണ്ടുകളുടെ 47.5 ശതമാനമാണിത്.

Content Highlight: Supreme Court asks SBI to disclose numbers of electoral bonds