ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് എസ്.ബി.ഐയോട് സുപ്രീം കോടതി. ഏത് പാര്‍ട്ടിക്കാണ് ബോണ്ടുകള്‍ ലഭിച്ചതെന്ന് തിരിച്ചറിയാനുള്ള ആല്‍ഫ ന്യൂമറിക് നമ്പറുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച സത്യവാങ്മൂലം വ്യാഴാഴ്ച അഞ്ചിന് മുമ്പ് എസ്.ബി.ഐ ചെയര്‍മാനും മാനേജിങ് ഡയറക്ടറും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം.
എസ്.ബി.ഐയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. നമ്പറുകള്‍ നല്‍കാനാണ് കോടതി ഉത്തരവെങ്കില്‍ അത് നല്‍കാമെന്ന് എസ്.ബി.ഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ പറഞ്ഞു.
‘ഓരോ വിവരങ്ങളും ഞങ്ങളോട് പറയൂ, അപ്പോള്‍ മാത്രം ഞങ്ങള്‍ അത് പുറത്തുവിടാം’ എന്നതാണ് എസ്.ബി.ഐയുടെ നിലപാടെന്ന് കോടതി വിമര്‍ശിച്ചു. കോടതിയോട് സത്യസന്ധവും നീതിപൂര്‍വവുമായ നിലപാടായിരിക്കണം എസ്.ബി.ഐ സ്വീകരിക്കേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
എസ്.ബി.ഐ പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണമല്ലെന്ന ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നേരത്തെ എസ്.ബി.ഐക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും പുറത്തുവിടണം എന്നാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി.
2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ തീയ്യതി, വാങ്ങിയ ആളുടെ പേര്, ബോണ്ടിന്റെ മൂല്യം, ആര് പണമാക്കി മാറ്റി തുടങ്ങിയ വിവങ്ങള്‍ ലഭ്യമാക്കണമെന്ന മുന്‍ ഉത്തരവും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിധി സാമൂഹിക മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദവും സുപ്രീം കോടതി തള്ളിയിരുന്നു.
വിഷയത്തില്‍ കോടതിക്ക് മുമ്പിലെത്തിയവര്‍ പുറത്ത് മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നുവെന്നും സാമൂഹിക മാധ്യമങ്ങളില്‍ സര്‍ക്കാറിനെതിരെ കോടതി വിധി ആയുധമാക്കി പ്രചാരണം നടത്തുന്നുണ്ടെന്നും ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
കോടതി വിധി മൂന്നാമതൊരാള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് തങ്ങളുടെ വിഷയമല്ലെന്നാണ് കോടതി ഇതിന് മറുപടി നല്‍കിയത്. നിയമവാഴ്ച ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യം. കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നത് മാത്രമാണ് തങ്ങളുടെ പരിധിയില്‍ വരുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Content highlight: Supreme Court asks SBI to disclose all information related to electoral bonds.