കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം; കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്ര സര്‍ക്കാരും ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി
Kerala News
കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം; കടമെടുപ്പ് പരിധിയില്‍ കേരളവും കേന്ദ്ര സര്‍ക്കാരും ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th February 2024, 11:36 am

ന്യൂദല്‍ഹി: കടമെടുപ്പ് പരിധി സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി. ചൊവ്വാഴ്ച രണ്ട് മണിക്കുള്ളില്‍ ഇരു കൂട്ടരും തങ്ങളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഹരജി സംബന്ധിച്ച് ഇത് നയപരമായ വിഷയമാണെന്നും കേരളത്തിന് മാത്രമായി ഒരു തീരുമാനത്തിലേക്ക് എത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഇരുവരും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഒരു വിഭാഗത്തോട് പക്ഷം ചേര്‍ന്ന് തീരുമാനമെടുത്താല്‍ അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും ബാധിക്കുന്ന വിഷയമായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിക്ക് പുറത്ത് കോര്‍പ്പറേറ്റീവ് ഫെഡറലിസത്തിനുള്ളില്‍ നില്‍ക്കുന്ന ഒരു ബന്ധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും അതിനുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കോടതി പറഞ്ഞു.

കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ-സംസ്ഥാന ധനകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി ഒരു പരിഹാരം കാണാന്‍ തയ്യാറാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ കോടതി അവസാനം മധ്യസ്ഥ വഹിക്കേണ്ടതുള്ളുവെന്നും സര്‍ക്കാരുകള്‍ തമ്മില്‍ സൗഹാര്‍ദ്ദപരമായ സമീപനം ഉണ്ടാവണമെന്നും കോടതി പറഞ്ഞു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ ഹരജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

Content Highlight: Supreme Court asks Kerala and central government to negotiate on borrowing limit