ന്യൂദല്‍ഹി: റംസാന്‍ മാസം പ്രമാണിച്ച് വോട്ടെടുപ്പ് കാലത്ത് അഞ്ച് മണിക്ക് ആരംഭിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. മുസ്‌ലിം മതവിശ്വാസികള്‍ വ്രതം ആചരിക്കുന്ന റംസാന്‍ മാസം മെയ് 5ന് ആരംഭിക്കുമെന്നാണ് കരുതുന്നത്.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ ഇനിയും നടക്കാനിരിക്കുന്നേയുള്ളൂ. മെയ് 6, മെയ് 12, മെയ് 19 തിയ്യതികളാലായണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
നിലവില്‍ കാലത്ത് ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. എന്നാല്‍ റംസാന്‍ മാസത്തില്‍ രണ്ട് മണിക്കൂര്‍ നേരത്തെ ആംരഭിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങളും കണക്കിലെടുത്താണ് അഞ്ചു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. വ്രതം അനുഷ്ഠിക്കുന്ന വോട്ടര്‍മാര്‍ക്ക് കനത്ത ചൂട് വോട്ടു ചെയ്യുന്നത് തടസ്സമാകാതിരിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
‘ഈ മാസത്തെ വോട്ടെടുപ്പില്‍ പുരുഷന്മാരും സ്ത്രീകളുമായി വലിയൊരു വിഭാഗം വോട്ടര്‍മാര്‍ വ്രതം അനുഷ്ഠിക്കും. ഇപ്പോഴത്തെ കനത്ത ചൂടില്‍ മുസ്‌ലിം വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട മണിക്കൂര്‍ വരി നില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. റംസാന്‍ മാസം മിക്ക ഇസ്‌ലാം മത വിശ്വാസികളും പുലര്‍ച്ചെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ എഴുനേല്‍ക്കും’- ഹര്‍ജിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.