ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്നും കേസെടുക്കാന്‍ പരാതിക്ക് വേണ്ടി പൊലീസ് കാത്തുനില്‍ക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്വേഷ പ്രസംഗ കേസുകളില്‍ മതം നോക്കാതെ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി പൊലീസ് സേനകള്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
വിദ്വേഷ പ്രസംഗങ്ങള്‍ മതേതര രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് വിമര്‍ശിച്ച കോടതി, 21ാം നൂറ്റാണ്ടില്‍ മതത്തിന്റെ പേരില്‍ നമ്മുടെ രാജ്യം എവിടെ എത്തിനില്‍ക്കുന്നുവെന്നും ചോദിച്ചു.
ഇന്ത്യ ഒരു മതേതര സ്വഭാവമുള്ള രാജ്യമാണെന്ന കാര്യം ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.
വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളും പൊലീസും എന്താണ് ചെയ്യുന്നതെന്നും എന്തുകൊണ്ട് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കോടതി ചോദിച്ചു.
പൊലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ നടപടികള്‍ ഉണ്ടാവുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ദല്‍ഹിയിലും ഉത്തരാഖണ്ടിലുമായി ചില തീവ്ര ഹിന്ദുത്വ സംഘടനകളുടെ സമ്മേളനങ്ങള്‍ നടക്കുകയും ഇതില്‍ മുസ്‌ലിം മതസ്ഥര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്.
ഹരജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലായിരുന്നു കോടതിയില്‍ ഹാജരായത്. അതിനിടെ, താങ്കള്‍ നിയമമന്ത്രിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് നടപടിയെടുത്തു, എന്നും കപില്‍ സിബലിനോട് കോടതി ചോദിച്ചു.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഈ ഹരജിയിലുള്ളത്. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫിന്റെ ബെഞ്ചിലേക്ക് ഹരജി മാറ്റിയത്.
അതേസമയം, രാജ്യത്ത് ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിനെതിരെ വ്യാപിക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.
Content Highlight: Supreme Court asks Delhi, UP police force to take action against hate speech even without complaints