| Tuesday, 26th May 2020, 11:09 pm

തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്; അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്വാകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലോക്ക് ഡൗൺ സമയത്ത് മുഴുവൻ ശമ്പളവും നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ അടിയന്തിര വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഉത്തരവിനെതിരെ കോടതിയിലെത്തിയ ഹരജി കേൾക്കവെയാണ് വിഷയത്തിൽ കേന്ദ്ര നിലപാട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് വീഡിയോ കോൺഫറൻസ് വഴി കേസിൽ വാദം കേട്ടത്. അടുത്തയാഴ്ച്ചയ്ക്കുള്ളിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

അതേസമയം മാർച്ച് 29ന് മുഴുവൻ ശമ്പളവും നൽകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നിരാകരിക്കുന്ന മറ്റൊരു ഉത്തരവ് മെയ് 17ന് കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്ന് അറ്റോണി ജനറൽ കെ.കെ വേണു​ഗോപാൽ കോടതിയെ അറിയിച്ചു. എന്നാൽ വിഷയം നിരവധി പേരെ ബാധിക്കുന്നത് ആയതിനാൽ അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയിൽ പറഞ്ഞു.

മുഴുവൻ ശമ്പളവും നൽകാൻ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ നിരവധി വിഷയങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉണ്ടെന്നും അവയ്ക്കെല്ലാം ഉത്തരം ആവശ്യമാണെന്നും കോടതി പറഞ്ഞു.

ലോക്ക് ഡൗണിൽ പൂർണമായും വരുമാനം ഇല്ലാതായെ ചെറുകമ്പനികൾ എങ്ങിനെയാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കുക എന്നും കോടതി ചോദിച്ചു. ഇത്തരം ചെറുകിട കമ്പനികളെ സർക്കാർ സഹായിച്ചില്ലെങ്കിൽ അവർ വലിയ പ്രതിസന്ധിയിൽ അകപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more