| Tuesday, 19th March 2024, 4:18 pm

കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നല്‍കിയില്ല; ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പതഞ്ജലി ഗ്രൂപ്പ് എം.ഡി. ആചാര്യ ബാലകൃഷ്ണയും യോഗാ ഗുരു ബാബാ രാംദേവും നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. പതഞ്ജലിയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി എന്ന കേസിലാണ് ഹാജരാകാന്‍ കോടതിയുടെ നിര്‍ദേശം.

കോടതിയലക്ഷ്യ നോട്ടീസിന് കമ്പനി മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്.

ഫെബ്രുവരിയില്‍ രോഗം ഭേദമാക്കുമെന്ന് അവകാശപ്പെട്ട് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്ത് രാജ്യത്താകെ വിറ്റെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി പതഞ്ജലി അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.

ആധുനിക വൈദ്യശാസ്ത്രനെതിരെ പതഞ്ജലി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് ഐ.എംഎ പരാതിയില്‍ ആരോപിച്ചത്. ഇനി മുതല്‍ ഒരു നിയമ ലംഘനം നടത്തില്ലെന്ന് കമ്പനി കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.

Content Highlight: Supreme Court asks Baba Ramdev to appear before it for not replying to contempt notice

We use cookies to give you the best possible experience. Learn more