ന്യൂദല്‍ഹി: ശൈശവ വിവാഹത്തിന്റെ ഇപ്പോഴത്തെ സ്വഭാവവും വ്യാപ്തിയും ഉള്‍പ്പെടുന്ന വിശദവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി.
ശൈശവ വിവാഹം നിരോധിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അറിയിക്കാന്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമുള്ള നിരോധന ഉദ്യോഗസ്ഥരെ പലയിടങ്ങളിലും നിയമിക്കുന്നില്ലെന്ന പൊതു താല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സൊസൈറ്റി ഫോര്‍ എന്‍ലൈറ്റ്‌മെന്റ് ആന്‍ഡ് വൊളണ്ടറി ആക്ഷന്‍ ആണ് ഹരജി സമര്‍പ്പിച്ചത്.
ഒരു സംസ്ഥാനങ്ങളും ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടില്ലെന്നും ചില സംസ്ഥാനങ്ങളില്‍ ജില്ലയിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കുന്നുവെന്നും ഹരജിയില്‍ പറയുന്നു.
ശൈശവ വിവാഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.
ജസ്റ്റിസുമാരായ പി.എസ്.നരസിംഹയും ജെ.ബി. പര്‍ദിവാലയും 2006ലെ നിയമം നടപ്പിലാക്കാന്‍ ഇതുവരെ രൂപീകരിച്ച നയങ്ങളെന്തൊക്കെയാണെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയില്‍ പറയുന്നത് പ്രകാരം ജില്ലയിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കുന്നുണ്ടോയെന്നും അറിയിക്കാന്‍ ആവശ്യപ്പെട്ടു. കേസ് അടുത്ത ജൂലൈയില്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
അതേസമയം എല്ലാ സമുദായങ്ങളിലെയും സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള ബില്ല് പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ പറഞ്ഞു.
സംസ്ഥാന തലത്തില്‍ നിരോധനം നടപ്പിലാക്കുന്നതിന് അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അവര്‍ക്കാണ് ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള ചുമതലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
content highlight: supreme court asked to central government to submit report about progress of child marriage prohibition act