156 കുട്ടികളെ മുക്കം അനാഥാലയത്തിന് കൈമാറിയ കേസിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മുക്കം യതീംഖാനയില്‍ കുട്ടികളെ കൈമാറിയത്? എന്താണ് കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ? എന്നീ കാര്യങ്ങളിലാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കേണ്ടത്.
അനാഥാലയത്തിലോക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥായങ്ങളിലേക്ക് നിയമവിരുദ്ധമായി കുട്ടികളെ കൊണ്ടുവന്ന സംഭവം ഏറെ വിവാദമായിരുന്നു. ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത്. 446കുട്ടികളെയാണ് ഇത്തരത്തില്‍ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയും മതിയായ രേഖകളില്ലാതെയുമാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.
കുട്ടികളുടെ വിവരം സംബന്ധിച്ച് മുക്കം അനാഥാലയം മലപ്പുറം വെട്ടത്തൂര്‍ അനാഥാലയം തുടങ്ങിയവര്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു.
ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം യതീംഖാനക്കെതിരെ കേസെടുക്കുമെന്നും കുട്ടിക്കളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്നും മാനേജ്‌മെന്റിന്റെ അറിവോടെയാണ് സംഭവം നടന്നതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.