ജാതി നോക്കി ക്രിമിനൽ പട്ടിക തയ്യാറാക്കൽ ഇനി വേണ്ട; കർശന നിർദേശവുമായി സുപ്രീം കോടതി
India
ജാതി നോക്കി ക്രിമിനൽ പട്ടിക തയ്യാറാക്കൽ ഇനി വേണ്ട; കർശന നിർദേശവുമായി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2024, 9:07 am

ന്യൂദൽഹി: ജാതി നോക്കി ക്രിമിനൽ പട്ടിക തയ്യാറാക്കുന്ന രീതിയിൽ ദൽഹി പൊലീസ് കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിച്ച് സുപ്രീം കോടതി. 2024 മാർച്ചിൽ ഭേദഗതി ചെയ്ത സ്റ്റാന്റിങ് ഓർഡറിലൂടെയാണ് സുപ്രീം കോടതി ഈ ഭേദഗതി അംഗീകരിച്ചത്. കുറ്റവാളികളുടെ പശ്ചാത്തലവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്രിമിനൽ പട്ടിക തയ്യാറാക്കുമ്പോൾ ജാതിയും പിന്നോക്കാവസ്ഥയും നോക്കി ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയത്.

ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാനെക്കുറിച്ച് തയ്യാറാക്കിയ ക്രിമിനൽ പട്ടികയിലെ ഉള്ളടക്കത്തെക്കുറിച്ച് സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പട്ടികയിൽ ദൽഹി പൊലീസ് അദ്ദേഹത്തിന്റെ പങ്കാളിയുടെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
തുടർന്നാണ് പൊലീസ് ഭേദഗതിക്കായി ഹരജി നൽകിയത്. സംശയാസ്പദമായ ഒരു വ്യക്തിയുടെ വിവരങ്ങളോടൊപ്പം അയാളുടെ കുടുംബാഗങ്ങളുടെ വിവരങ്ങൾ കൂടി നൽകുന്നത് അവരുടെ സ്വസ്ഥമായ ജീവിതത്തെ ബാധിക്കും എന്ന് മനസിലാക്കുന്നതിനാൽ പഴയ നിയമം മാറ്റാൻ തങ്ങൾ മുന്നോട്ടുപോകുമെന്ന് പൊലീസ് പറഞ്ഞു.

ഹിസ്റ്ററി ഷീറ്റുകൾ പൊലീസിന്റെ ആവശ്യത്തിന് ഉപയോഗിക്കാനുള്ള ഔദ്യോഗിക പട്ടിക മാത്രമാണെന്നും അതിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനുള്ളവയല്ലെന്നും കോടതി വ്യക്തമാക്കി. അതോടൊപ്പം പ്രായപൂർത്തിയാവാത്ത ഒരു വ്യക്തിയുടെ വിവരങ്ങൾ നൽകുന്നത് പൊലീസ് കൂടുതൽ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും കോടതി നിർദേശിച്ചു.

നിരീക്ഷണത്തിൽ വെക്കേണ്ട കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമ്പോൾ ജാതി നോക്കി പട്ടിക തിരിക്കുന്ന ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു എന്നും സുപ്രീം കോടതി നിർദേശിച്ചു. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയത്. ആറുമാസത്തിനകം ഇതിൽ നടപടിയുണ്ടാക്കണമെന്ന് സുപ്രീം കോടതി പ്രത്യേകം ആവശ്യപ്പെട്ടു.

ജാതിയിലോ സാമ്പത്തികമായോ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന നിഷ്കളങ്കരായ ആളുകൾ പോലും ഇത്തരത്തിൽ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു. പലപ്പോഴായി പൊലീസിന്റെ അടുത്ത് നിന്നുണ്ടായിട്ടുള്ള ഇത്തരം അനാസ്ഥകളെ സുപ്രീം കോടതി വിമർശിച്ചു. ജാതിയോ സാമ്പത്തികാവസ്ഥയോ നോക്കി ആളുകളുടെ ക്രിമിനൽ പശ്ചാത്തലം നിർണയിക്കുന്ന രീതി പൊലീസുകാർക്കിടയിൽ ധാരാളമുണ്ട്. ഈ മുൻവിധി മാറണമെന്നും നിരവധി പേരാണ് ഇത്തരത്തിൽ ഇരയാക്കപ്പെട്ടിട്ടുള്ളതെന്നും സുപ്രീം കോടതി പറഞ്ഞു.

നേത്തെ ക്രിമിനൽ ട്രൈബ്സ് നിയമത്തിൽ ഉണ്ടായിരുന്നതും പിന്നീട് ഒഴിവാക്കപ്പെട്ടതുമായ സമുദായത്തിൽപ്പെട്ടവരെ ഇത്തരത്തിൽ ക്രിമിനൽ പട്ടികയിലേക്കുൾപ്പെടുത്തുന്ന സംഭവങ്ങൾ പലപ്പോഴായി നടന്നിരുന്നു. അത്തരം സമുദായങ്ങളെ സംരക്ഷിക്കാൻ സർക്കാറുകൾ നടപടിയെടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

 

 

Content Highlight: supreme court approves new Delhi model history sheets