| Thursday, 8th March 2018, 2:35 pm

'വിവാഹം റദ്ദാക്കിയ കോടതി നടപടി തെറ്റ്'; ഹാദിയയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഷെഫീന്‍ ജഹാനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമസാധുതയുള്ളതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായി ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാം.

ഭര്‍ത്താവ് ഷെഫീന്‍ ജഹാന്റെ ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം എന്‍.ഐ.എ അന്വേഷണത്തിലോ കേസിലോ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി.

ഷെഫീന്‍ ജഹാനെതിരെയുള്ള അന്വേഷണവുമായി എന്‍.ഐ.എയ്ക്ക മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

ഹേബിയസ് കോര്‍പ്പസ് പരിഗണിച്ച് വിവാഹം റദ്ദാക്കിയ നടപടി തെറ്റാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിവാഹം റദ്ദാക്കിയ സാഹചര്യം നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.


Also Read:കിട്ടിയാല്‍ സന്തോഷം കിട്ടിയില്ലെങ്കില്‍ എന്നേക്കാള്‍ നന്നായിട്ട് ചെയ്ത മറ്റൊരു ഭാഗ്യവാന് കിട്ടിയെന്നെയുള്ളു; അംഗീകാരങ്ങള്‍ ലഭിക്കാന്‍ വൈകിയതിനെ കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞത്


നേരത്തെ എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാദിയയെ മതം മാറ്റി യെമനിലേക്ക് കടത്താനാണ് ശ്രമിക്കുന്നതെന്ന് അശോകന്റെ അപേക്ഷയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഹാദിയയുടെ സുഹൃത്ത് അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ മകള്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.


Don”t Miss:ചെന്നൈയില്‍ അംബേദ്ക്കര്‍ പ്രതിമ പെയിന്റൊഴിച്ച് നശിപ്പിച്ചു


ഫാസില്‍ മുസ്തഫ ഷെറിന്‍ ഷഹാന ദമ്പതികളും ആയി ഹാദിയയുടെ ബന്ധത്തെ കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില്‍ നിന്ന് അടുത്തിടെയാണ് ഇക്കാര്യം അറിഞ്ഞത് എന്നും സത്യവാങ്മൂലത്തില്‍ അശോകന്‍ പറയുന്നു. 2015 ല്‍ മലപ്പുറം സ്വദേശി ആയ ഷാനിബുമായി നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ആണ് അഖില ഇസ് ലാം മതത്തിലേക്ക് ആകൃഷ്ടയാകുന്നതെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more