| Tuesday, 22nd October 2024, 6:32 pm

ആംസ്റ്റര്‍ഡാം ഫിലിംഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ടീസ്ത സെതല്‍വാദിന് സുപ്രീം കോടതിയുടെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ടീസ്ത സെതല്‍വാദിന് ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജെസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സെതല്‍വാദിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.

ആംസ്റ്റര്‍ ഡാമില്‍ നവംബര്‍ 14നും 24നും ഇടയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കാന്‍ സൈക്കിള്‍ മഹേഷ് എന്ന ഡോക്യുമെന്ററിയുടെ നിര്‍മാതാവെന്ന നിലയില്‍ സെതല്‍വാദിന് ക്ഷണം ലഭിച്ചിരുന്നു.

എന്നാല്‍ 2002ലെ ഗോദ്ര കലാപവുമായി ബന്ധപ്പെട്ട കേസില്‍ സെതല്‍വാദിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും വിദേശരാജ്യങ്ങളിലേക്ക് പോവാനുള്ള അനുമതി ഉണ്ടായിരുന്നില്ല.

പാസ്‌പോര്‍ട്ട് സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ വേണമെന്ന് സുപ്രീം കോടതി 2023ല്‍ ജാമ്യം നല്‍കുമ്പോള്‍ നിര്‍ദേശിച്ചതിനാല്‍ ഫെസ്റ്റിവലിനു പോവാനുള്ള അനുമതി തേടി അപേക്ഷ നല്‍കുകയായിരുന്നു.

തുടര്‍ന്ന് അപേക്ഷ സ്വീകരിച്ച കോടതി വിദേശരാജ്യങ്ങിലേക്കുള്ള സന്ദര്‍ശനത്തിന് നിബന്ധനകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. നേരത്തെ മലേഷ്യന്‍ സന്ദര്‍ശനത്തില്‍ കാണിച്ച നിബന്ധനകളെല്ലാം പാലിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നും വിചാരണ നേരിടണമെന്നും പറഞ്ഞ ബെഞ്ച് 10 ലക്ഷം രൂപയുടെ സോള്‍വെന്റ് ജാമ്യം സെഷന്‍സ് കോടതിയില്‍ കെട്ടിവെക്കണമെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.

2002ല്‍ നടന്ന ഗോദ്ര വര്‍ഗീയകലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതില്‍ സെതല്‍വാദിന് പങ്കുണ്ടെന്നാരോപിച്ചുമായിരുന്നു ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ സാക്രിയ ജെഫ്രി കേസില്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് സെതല്‍വാദ് അറസ്റ്റിലാവുന്നത്.

Content Highlight: Supreme Court allows Teesta Setalvad to participate in Amsterdam Film Festival

We use cookies to give you the best possible experience. Learn more