ന്യൂദല്‍ഹി: അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. തിയ്യതി ഇപ്പോള്‍ നിശ്ചയിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് കോടതി ഉത്തരവൊന്നും പുറത്തിറക്കിയിട്ടില്ല.
ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടിയന്തരമായി പരിഗണിച്ച് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി സുപ്രീം കോടതിയെ സമീപിച്ചത്. അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്‌റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്.
Also Read:രാജഭരണത്തിനെതിരായ വിമര്‍ശനങ്ങള്‍ അനുവദിക്കില്ലെന്ന് സൗദി
ഹാരീസ് ബീരാന്‍ മുഖേനയാണ് കെ.എം ഷാജി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഹൈക്കോടതി കെ.എം ഷാജിയെ അയോഗ്യനാക്കിയത്. വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ചായിരുന്നു നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ആറുവര്‍ഷത്തേക്കാണ് അയോഗ്യത. നികേഷ് കുമാറിന് കോടതി ചിലവ് ഇനത്തില്‍ 50,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് പി.ഡി രാജനാണ് വിധി പ്രസ്താവിച്ചത്.
അതേസമയം, അഴീക്കോട് മണ്ഡലത്തില്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചത്.