| Wednesday, 14th January 2015, 7:04 pm

കടല്‍ക്കൊലക്കേസ്; ഇറ്റാലിയന്‍ നാവികന് തിരിച്ചുവരാന്‍ സമയം നീട്ടിനല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ നാവികരില്‍ ഒരാള്‍ക്ക് ഇറ്റലിയില്‍ തങ്ങാന്‍ മൂന്നുമാസം കൂടി സുപ്രീംകോടതി സമയം അനുവദിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ മാസിമില്ല്യാനൊ ലത്തോറെ എന്ന നാവികനാണ് മാനുഷിക പരിഗണന കണക്കിലെടുത്താണ് സമയം നീട്ടി നല്‍കിയത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചകിത്സയിലായിരുന്ന ഇയാള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇറ്റലിയിലേക്ക് പോവാന്‍ നാലുമാസത്തെ അനുമതി നല്‍കിയത്. അവധി കഴിയാനിരിക്കെ സമയം നീട്ടിത്തരണം എന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന ലത്തോറെ കോടതിയെ സമീപിക്കുകയായിരുന്നു.

2012 ഫെബ്രുവരിയില്‍ സ്വകാര്യ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരായ നാവികര്‍ മത്സത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു. ഇതില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് നാവികര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.

എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നാവികരുടെ വാദത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് എന്‍.ഐ.എ രംഗത്തുവന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് നാവികര്‍ വെടിയുതിര്‍ത്തതെന്നും 125 മീറ്റര്‍ മാത്രം ദൂരത്തു നിന്നാണ് നാവികര്‍ ഇരുപത് തവണ വെടിയുതിര്‍ത്തതെന്നും മനപൂര്‍വ്വം വെടിവെച്ചതാണെന്നും എന്‍.ഐ.എ പറഞ്ഞു.

ഈ സാഹചര്യത്തില്‍ അവധി നീട്ടി നല്‍കണമെന്ന നാവികന്റെ അപേക്ഷ എതു രീതിയിലാണ് കേന്ദ്രം സമീപിക്കുക എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ അവധി നീട്ടി നല്‍കുന്നതിനോട് കേന്ദ്രസര്‍ക്കാര്‍ സമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സമയം നീട്ടി നല്‍കിയതായി ഉത്തരവിട്ടത്.

We use cookies to give you the best possible experience. Learn more