ന്യൂദല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരുവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി. മുമ്പ് ഉണ്ടായിരുന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് കേരളത്തിലേക്ക് സ്ഥിരമായി പോകുന്നതിനുള്ള അനുവാദം സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും കോടതി പറയുന്നു.
കൊല്ലം ജില്ലയിലുള്ള സ്വന്തം നാട്ടില്‍ മഅ്ദനിക്ക് താമസിക്കാം എന്നാണ് സുപ്രീം കോടതി അനുവദിച്ച ഇളവില്‍ പറയുന്നത്. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയത് പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്.
എന്നാല്‍ 15 ദിവസത്തിലൊരിക്കല്‍ കൊല്ലം ജില്ലയിലെ അന്‍വാര്‍ശ്ശേരി എന്ന സ്ഥലത്തെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവധിച്ചത്. കൊല്ലം പൊലീസ് കര്‍ണാടക പൊലീസിനെ ഇക്കാര്യം അറിയക്കണമെന്ന നിര്‍ദേശവും കോടതി നല്‍കുന്നുണ്ട്.
കൊല്ലം ജില്ലയില്‍ തങ്ങണമെന്നും ചികിത്സാ ആവശ്യാര്‍ഥം ജില്ല വിടാമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. ജില്ല വിടുമ്പോള്‍ കൊല്ലം പൊലീസ് മേധാവിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കര്‍ണാടക പൊലീസിന്റെ സുരക്ഷ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Supreme Court allows Abdul Nasser Madani go to Kerala