ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മഞ്ജു വാര്യരടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ സാക്ഷി വിസ്താരത്തിന്റെ കാര്യത്തില്‍ ഇടപെടാനില്ലെന്നും അത് തീരുമാനമെടുക്കേണ്ടത് വിചാരണ കോടതിയാണെന്നും സുപ്രിം കോടതി പറഞ്ഞു. സാക്ഷി വിസ്താരം വേഗത്തില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കി.
ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്.
വിചാരണ നടപടികള്‍ക്ക് സമയം നീട്ടണമെന്നുള്ള അപേക്ഷ കോടതി മാര്‍ച്ച് 24ന് പരിഗണിക്കും.
30 പ്രവര്‍ത്തി ദിവസം ലഭിച്ചാല്‍ കേസിന്റെ വിചാരണ നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ക്രോസ് വിസ്താരം ദിലീപിന്റെ അഭിഭാഷകന്‍ നീട്ടിക്കൊണ്ട് പോകുന്നതിലുള്ള അതൃപ്തിയും പ്രൊസിക്യുഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അനാവശ്യ സാക്ഷികളെ കൊണ്ടുവന്ന് കേസ് വഴിതിരിച്ചുവിടുകയാണെന്ന് ദിലീപിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു.
അതേസമയം, മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമാണെന്നും തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ദിലീപിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകണമെന്ന് ഉദ്ദേശമില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ പ്രതിയും പ്രതിയോട് ബന്ധപ്പെട്ടവരും ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Content Highlight: Supreme Court allowed the continuation of the witness examination in the case of assault on the actress.