ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നാണ് ഡി.എം.കെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
ഇതിനെതിരെ ആര്‍.എസ്.എസ് നല്‍കിയ ഹരജിയില്‍ വാദം കേട്ട മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ചിന് അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ആസാദി കാ അമൃത് മഹോത്സവും, ഗാന്ധി ജയന്തിയും പ്രമാണിച്ച് റൂട്ട് മാര്‍ച്ച് നടത്താന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ആര്‍.എസ്.എസ് നേതൃത്വം തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി തേടിയത്. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ മാര്‍ച്ച് നടത്താന്‍ പാടുള്ളൂ എന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശം. മുന്‍പ് സംഘര്‍ഷങ്ങള്‍ നടന്ന സ്ഥലങ്ങളിലും പോപുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള സ്ഥലങ്ങളിലും മാര്‍ച്ചിന് നിയന്ത്രണമേര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഡി.എം.കെയുടെ നിര്‍ദേശം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മാത്രമേ മാര്‍ച്ച് നടത്താന്‍ പാടുള്ളൂ എന്ന ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവ് പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. സര്‍ക്കാര്‍ വെച്ച ഉപാധികളില്‍ അയവ് വരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഇതിനെതിരെയാണ് ഡി.എം.കെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
പൂര്‍ണമായും മാര്‍ച്ച് തടയാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാത്രമാണ് തീരുമാനിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ആര്‍ട്ടിക്കിള്‍ 19(1)(ബി) പ്രകാരം ആയുധങ്ങള്‍ ഉപയോഗിക്കാതെ സമാധാനപരമായി സംഘം ചേരാനുള്ള അവകാശം സംഘടനക്ക് ഉണ്ടെന്നാണ് ആര്‍.എസ്.എസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മഹേഷ് ജത്മലാനി കോടതിയില്‍ വാദിച്ചത്. തുടര്‍ന്ന് ആര്‍.എസ്.എസിന് അനുകൂലമായി വിധി പറഞ്ഞത്. ഇതോടെ നിയന്ത്രണങ്ങളില്ലാതെ തന്നെ ആര്‍.എസ്.എസിന് റൂട്ട് മാര്‍ച്ച് നടത്താനാകും.