ന്യൂദല്‍ഹി: രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന ഹരജി പരിഗണിച്ച് സുപ്രീം കോടതി.
രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവുമുണ്ടെന്നും അത് പരിഹരിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ അനുവദിക്കണമെന്ന പൊതുതാത്പര്യ ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.
ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരുടെ ബെഞ്ചാണ് സുപ്രധാനമായ തീരുമാനമെടുത്തത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ വിഷയം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവര്‍ക്കായി കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാന്‍ ആവശ്യപ്പെട്ട പൊതുതാല്‍പ്പര്യ ഹരജികള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ആറ് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം 5 ലക്ഷം രൂപ വീതം പിഴയിട്ടിരുന്നു. മധ്യപ്രദേശ്, ഒഡീഷ, ഗോവ, മഹാരാഷ്ട്ര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കോടതി പിഴ ചുമത്തിയത്.
ഏതൊക്കെ സംസ്ഥാനങ്ങളാണ് ഇതുവരെ ഹരജിയുമായി മുന്നോട്ട് പോകാത്തതെന്നും, ഇതുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഷിമ മണ്ഡ്‌ലയോട് കോടതി ആവശ്യപ്പെട്ടു.
രാജ്യത്ത് 5 വയസ്സിന് താഴെയുള്ള 69 ശതമാനത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരണപ്പെടുന്നുവെന്നും ഇതിന് പരിഹാരമെന്നോണമാണ് കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നു വന്നതെന്നും അഷിമ മണ്ഡ്‌ല കോടതിയെ അറിയിച്ചു.
പട്ടിണിയും പോഷകാഹാരക്കുറവും മറികടക്കുന്നതിനായി രാജ്യത്ത് കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളോട് അനുകൂല നിലപാടുകളാണ് കോടതി മുന്‍പേ സ്വീകരിച്ചിരുന്നത്.
2019 ഒക്‌ടോബര്‍ 18ന്, പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കേ എല്ലാ സംസ്ഥാനങ്ങളോടും ഇത് സംബന്ധിച്ച പദ്ധതിയാവിഷ്‌കരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
സാമൂഹിക പ്രവര്‍ത്തകരായ അനുന്‍ ധവാന്‍, ഇഷാന്‍ ധവാന്‍, കുഞ്ചാന സിംഗ് എന്നിവര്‍ സമര്‍പ്പിച്ച മറ്റൊരു പൊതുതാത്പര്യ ഹരജിയില്‍ കേന്ദ്ര പൊതുവിതരണ പദ്ധതിയില്‍ പെടാത്ത ആളുകള്‍ക്കായി ഒരു ഭക്ഷ്യ ഗ്രിഡ് സ്ഥാപിക്കാനായും കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.