| Monday, 29th April 2024, 6:21 pm

അവിശ്വാസികള്‍ക്ക് ശരീഅത്ത് ബാധകമാക്കരുത്; ഹരജിയിൽ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അവിശ്വാസികളായ മുസ്‌ലിങ്ങള്‍ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. മലയാളിയായ പി.എം. സഫിയ ആണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹരജിയില്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.

ശരീഅത്ത് നിയമത്തിന് പകരം പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിയില്‍ ഉന്നയിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ അഭിഭാഷകനെ നിശ്ചയിക്കാന്‍ അറ്റോണി ജനറലിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

വിശ്വാസി അല്ലെന്നും അതിനാല്‍ മുസ്‌ലിം വ്യക്തി നിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കണമെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ ആവശ്യപ്പെട്ടു. കേസ് ജൂലൈയില്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

മുസ്‌ലിമായി ജനിച്ചത് മുതൽ നിങ്ങളെ നിയന്ത്രിക്കുന്നത് മുസ്‌ലിം വ്യക്തി നിയമങ്ങളാണെന്ന് സുപ്രീം കോടതി പറഞ്ഞു. നിങ്ങളുടെ അവകാശങ്ങൾ വിശ്വാസിയോ അവിശ്വാസിയോ ആയതുകൊണ്ടല്ല നിയന്ത്രിക്കുന്നതെന്നും ഡി.വൈ. ചന്ദ്രചൂഡ് ഹരജിക്കാരോട് പറഞ്ഞു.

ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഒരു പൗരന് വ്യക്തിനിയമം ബാധകമല്ലെന്ന് കോടതിക്ക് എങ്ങനെ പ്രഖ്യാപിക്കാൻ ആകുമെന്നും കോടതി ചോദിച്ചു. എന്നാൽ നിയമപരമായ വ്യവസ്ഥകളൊന്നും ഹരജിക്കാർ ചോദ്യം ചെയ്തില്ല.

Content Highlight: Supreme Court Agrees To Consider Plea Seeking Declaration That Shariat Law Won’t Apply To Non-Believer Muslim

We use cookies to give you the best possible experience. Learn more