ന്യൂദല്‍ഹി: രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികളിലെ വാദം പുനപരിശോധിക്കുന്നതുവരെ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സര്‍ക്കാരിന് കോടതി ഒരു ദിവസം സമയം നല്‍കിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.
രാജ്യദ്രോഹക്കുറ്റം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ നിലപാട് വ്യക്തമാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നിലനില്‍ക്കുന്ന രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ഭാവിയില്‍ വരാനിരിക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും സംബന്ധിച്ച് വിവരങ്ങള്‍ കൈമാറണമെന്നും കോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ അഖണ്ഡതയുടേയും പരമാധികാരത്തിന്റേയും വിഷയമാണ്, അതിനാല്‍ സര്‍ക്കാരിന് ആലോചിച്ചു തീരുമാനിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
ഹരജി കോടതി പരിഗണിക്കരുത് എന്ന കേന്ദ്ര നിലപാടിനെ എതിര്‍ഭാഗം അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. 10 മാസം മുമ്പ് നോട്ടീസ് നല്‍കിയ വിഷയമാണെന്നും, കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തള്ളുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
കൊളോണിയല്‍ നിയമങ്ങള്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിലപാട് സത്യവാങ്മൂലത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
തല്‍ക്കാലം നിയമത്തിന്റെ ദുരുപയോഗം എങ്ങനെ തടയാം എന്നത് ആലോചിക്കണമെന്നും നിലനില്‍ക്കുന്ന കേസുകളിലെയും ഭാവിയില്‍ ഉണ്ടായേക്കാവുന്ന കേസുകളിലും കേന്ദ്രത്തിന്റെ നിലപാട് എന്തായിരിക്കുമെന്നും കോടതി ചോദിച്ചു.
രാജ്യദ്രോഹക്കുറ്റം തല്‍ക്കാലം ചുമത്താതിരിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശവും കോടതി കൈമാറി.
നിയമം മാറ്റാന്‍ സമയമെടുക്കും. എന്നാല്‍, ഭാവി കേസുകളെകുറിച്ച് സര്‍ക്കാരിന് ഒരു നിര്‍ദേശമിറക്കാമല്ലോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ശിക്ഷാ നിയമങ്ങള്‍ നടപ്പിലാക്കുന്നത് തടഞ്ഞതായുള്ള ചരിത്രം ഉണ്ടായിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചു.
Content Highlight: Supreme Court Agrees To Centre’s Proposal To Defer Hearing Till It Reconsiders Section 124A, Seeks Response On Pending And Future Cases