തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തില്‍ കോടതിയുടെ പരാമര്‍ശം തടസമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമൊലിന്‍ കേസില്‍ വി.എസ് അച്യുതാനന്ദനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ് കേസ് വലിച്ചു നീട്ടാന്‍ നോക്കുകയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. തനിക്കെതിരായ പരാമര്‍ശത്തില്‍ കോടതിക്ക് തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അഭിഭാഷകനുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനിയും വി.എസ് നടപടി തുടര്‍ന്നാല്‍ അദ്ദേഹത്തിനെതിരെ വിധി പറയേണ്ടിവരുമെന്ന് കോടതി പറഞ്ഞിരുന്നു. പുതിയ രേഖകള്‍ ഉണ്ടെന്ന് പറഞ്ഞ് വി.എസ് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നാരോപിച്ചായിരുന്നു വി.എസിന്റെ ഹര്‍ജി.
ഹര്‍ജി പരിഗണിക്കവേ തെളിവ് സമര്‍പ്പിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്നും കേസ് മാറ്റിവയ്ക്കണമെന്നും വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്.