അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി; 1981ലെ പാര്‍ലമെന്റ് ഭേദഗതി അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി
ന്യൂദല്‍ഹി: 1981ല്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനായി പാര്‍ലമെന്റ് പാസാക്കിയ ഭേദഗതി അംഗീകരിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡ്. അലിഗഡ് മുസ്‌ലിം സര്‍വകലാശായുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച ഒന്നിലധികം ഹരജികള്‍ പരിഗണിക്കവെയാണ് ഡി.വൈ ചന്ദ്രചൂഡ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
1981 ലെ പാര്‍ലമെന്റ് നടപ്പിലാക്കിയ ഭേദഗതി നിര്‍ബന്ധമായും സര്‍ക്കാര്‍ അംഗീകരിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ കേള്‍ക്കാന്‍ താന്‍ താത്പര്യപെടുന്നില്ലെന്ന് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് എല്ലായ്പ്പോഴും ഭേദഗതികള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കാനും ഭേദഗതി നിയമം വീണ്ടും മാറ്റാനുമുള്ള അവസരമുണ്ടെന്നും സി.ജെ.ഐ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പാര്‍ലമെന്റ് യൂണിയന് കീഴിലുള്ള ശാശ്വതവും നശിപ്പിക്കാനാവാത്തതുമായ ഒരു സ്ഥാപനമാണെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് പാര്‍ലമെന്റ് നടപ്പിലാക്കിയ ഭേദഗതി നിലവിലെ കേന്ദ്ര സര്‍ക്കാരിന് അംഗീകരിക്കാം കഴിയുന്നില്ല എന്ന് കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. എന്നാല്‍ ഇത് തന്റെ നിലപാടല്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങമൂലത്തിന്റെ അടിസ്ഥാനത്തിലാണ് സി.ജെ.ഐ സംസാരിക്കുന്നതെന്നും മേത്ത കോടതിയോട് പറഞ്ഞു.
അതേസമയം പാര്‍ലമെന്റിന്റെ ഒരു ഭാഗമായതിനാല്‍ തുഷാര്‍ മേത്തയും ഭേദഗതി നിയമം അംഗീകരിക്കാൻ ബാധ്യസ്ഥനാണെന്ന് സി.ജെ.ഐ വ്യക്തമാക്കി. ഭരണഘടനാ ഭേദഗതിയുടെ പേരില്‍ നടക്കുന്ന തിന്മകള്‍ പരിഹരിക്കുന്നതിനാണ് 44-ാം ഭേദഗതി വന്നതെന്നും ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ പദവി സംബന്ധിച്ച ഹരജികളിലെ അടുത്ത വാദം ജനുവരി 30ന് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
Content Highlight: Supreme Court against the Central Government for not accepting the 1981 Parliament Amendment