| Thursday, 18th April 2024, 4:26 pm

എല്ലാത്തിനെയും സംശയിക്കാനാകില്ല, കമ്മീഷന്‍ നല്‍കുന്ന വിശദീകരണത്തില്‍ വോട്ടര്‍മാര്‍ തൃപ്തരാണ്; വിവി പാറ്റ് വിഷയത്തില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവി പാറ്റുമായി ബന്ധപ്പെട്ട കേസില്‍ ഹരജിക്കാര്‍ക്കെതിരെ സുപ്രീം കോടതി. എല്ലാത്തിനും സംശയിക്കാന്‍ ആകില്ലെന്ന് ഹരജിക്കാരോട് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

എല്ലാ വിവി പാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് നിരീക്ഷണം. എല്ലാ കാര്യങ്ങളും ഹരജിക്കാരോട് വിശദീകരിക്കാന്‍ ആകുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട സാങ്കേതിക ഘടകങ്ങള്‍ ഹരജിക്കാര്‍ മനസിലാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

കമ്മീഷന്‍ നല്‍കുന്ന വിശദീകരണത്തില്‍ വോട്ടര്‍മാര്‍ തൃപ്തരാണെന്നും കോടതി നിരീക്ഷിച്ചു.

വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഹരജിക്കാര്‍ തമാശയാക്കുന്നു എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞു. വളച്ചൊടിച്ച വാര്‍ത്തകളുമായാണ് ഹരജിക്കാര്‍ കോടതിയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മോക് പോളിങ്ങിനിടെ ബി.ജെ.പിക്ക് അധിക വോട്ട് ലഭിച്ചെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. മൂന്ന് മെഷീനുകളില്‍ നിന്ന് വന്ന വിവി പാറ്റുകളില്‍ താമര ചിഹ്നമാണ് രേഖപ്പെടുത്തിയത് എന്നും ഇത് തെറ്റായാണ് രേഖപ്പെടുത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ ഉദ്ധരിച്ചാണ് പ്രശാന്ത് ഭൂഷണ്‍ വിഷയം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശാന്ത് ഭൂഷന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഇന്ത്യയിലാകെ നാല് കോടിയിലധികം വിവി പാറ്റുകള്‍ ഇതിനോടകം എണ്ണി കഴിഞ്ഞെന്നും അതില്‍ ഒരു സ്ഥലത്തും പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മോക് പോളില്‍ കണ്ടെത്തിയ സാങ്കേതിക തകരാറുകള്‍ അപ്പോള്‍ തന്നെ പരിഹരിച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടു.

ആരോപണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Content Highlight: Supreme Court against Petitioners in the matter of VV Pat

Latest Stories

We use cookies to give you the best possible experience. Learn more