| Monday, 1st September 2014, 1:04 pm

പാമോലിന്‍: മുഖ്യമന്ത്രിക്ക് കീഴില്‍ അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമോയെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ സുപ്രീം കോടതി. മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമോയെന്നും സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു.

കേസ് സംസ്ഥാന പോലീസോ വിജിലന്‍സോ അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്ത് വരുന്നതെങ്ങനെ?. സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കോടതി നിരീക്ഷിച്ചു.

കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉചിതമായില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഈ തീരുമാനം സ്വന്തം നേട്ടത്തിനല്ലേയെന്നും കോടതി ചോദിച്ചു.

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് ഈ നിരീക്ഷണം. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വി.എസ് ഹരജി നല്‍കിയത്. വി.എസിനുവേണ്ടി അഡ്വ. സതീഷാണ് ഹാജരായത്. ഇക്കഴിഞ്ഞ മെയില്‍ കേസില്‍ കൂടുതല്‍ തെളിവ് നല്‍കാന്‍ സുപ്രീം കോടതി വി.എസിന് സമയം അനുവദിച്ചിരുന്നു.

മൂന്ന് മാസത്തിനകം കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുശേഷം കേസില്‍ ഇടപെടാമെന്നും സുപ്രീം കോടതി ഹരജിക്കാരനെ അറിയിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെട്ട മന്ത്രിസഭായോഗമാണ് പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തതെന്നും കോടതി ചോദിച്ചു.ജസ്റ്റിസ് ടി.കെ ഠാക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഹരജി വിജിലന്‍സ് കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് സര്‍ക്കാര്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്നും അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് കാണിച്ച് വി.എസ് ഹൈക്കോടതിയെ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു, ഗവ. സെക്രട്ടറിമാരായ പി.ജെ. തോമസ്, ജിജി തോംസണ്‍, പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ ഡയറക്ടര്‍ വി. സദാശിവന്‍,അദ്ദേഹത്തിന്റെ മകനും ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷന്‍ ഡയറക്ടറുമായ ശിവരാമകൃഷ്ണന്‍ എന്നിവരെയെല്ലാം പ്രതിചേര്‍ത്താണ് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more