ന്യൂദല്‍ഹി: ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ഒ.ടി.ടിയില്‍ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ആമസോണ്‍ പ്രൈം സീരിസായ താണ്ഡവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
താണ്ഡവ് സീരീസ് കേസിലെ അലഹബാദ് കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ആമസോണിന്റെ ഇന്ത്യ വിഭാഗം മേധാവിയായ അപര്‍ണ പുരോഹിത് സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കുമ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രംഗത്തെത്തിയത്.
‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഇന്റര്‍നെറ്റിലും സിനിമകള്‍ കാണുന്നത് വര്‍ധിച്ചിരിക്കുകയാണ്. എന്തെങ്കിലും ഒരു തരത്തിലുള്ള സ്‌ക്രീനിംഗ് നടപടിയുണ്ടായേ തീരു,’ ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.
പോണോഗ്രാഫിക് ആയ കണ്ടന്റുകള്‍ വരെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ നിയന്ത്രണം കൂടിയേ തീരുവെന്നും ജസ്റ്റിസ് ആര്‍.എസ് റെഡ്ഡി പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും കേന്ദ്രം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.