സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പറഞ്ഞു.
ന്യൂദല്‍ഹി: സുപ്രീംകോടതി നിയോഗിച്ച ലോധകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിന് ബി.സി.സി.ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പറഞ്ഞു.
ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ ബി.സി.സി.ഐ നടപ്പിലാക്കാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
നിര്‍ദേശം നടപ്പിലാക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐ തീരുമാനം അറിയിക്കണമെന്നും ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബി.സി.സി.ഐ.യിലുള്ളതെന്നും പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അധ്യക്ഷപദവി ഏറുന്നതിന് മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അനുരാഗ് താക്കൂര്‍ ഒരു ക്രിക്കറ്ററാണെന്ന ബി.സി.സി.ഐ.യ്ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞപ്പോള്‍ താന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ ക്യാപ്റ്റനാണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചീഫ് ജസ്റ്റിസ് ചെയ്തത്.
ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ ഒരവസ്ഥയിലാണ് സുപ്രീംകോടതിയെന്നും ബെഞ്ച് പറഞ്ഞു.
തങ്ങള്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ ബി.സി.സി.ഐ നടപ്പില്‍ വരുത്തിയിട്ടില്ലെന്നും ഇക്കാര്യം സൂചിപ്പിച്ച് പല തവണ ഇമെയിലുകള്‍ അയച്ചെങ്കിലും ബി.സി.സി.ഐ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ലോധ കമ്മിറ്റി സുപ്രീം കോടതിയെ അറിയിച്ചു.