ന്യൂദല്‍ഹി: സാനിറ്ററി മാലിന്യങ്ങളുടെ സംസ്‌കരണ പദ്ധതിക്ക് അധിക ഫീസ് ഈടാക്കുന്ന കേരളത്തിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതി. കേരളത്തിന്റെ നടപടി ആര്‍ത്തവ ശുചിത്വത്തിനും സാനിറ്ററി ഉത്പ്പന്നങ്ങളുടെ ലഭ്യതയ്ക്കും വേണ്ടി സുപ്രീം കോടതി നടത്തിയ ഇടപെടലുകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു.
ഉപയോഗിച്ച സാനിറ്ററി പാഡുകളും ഡയപ്പറുകളും സംസ്‌കരിക്കുന്നതിന് ഏര്‍പ്പെടുത്തിയ അധിക ഫീസ് സ്റ്റേ ചെയ്യണമെന്ന പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.
സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിനുകള്‍ നല്‍കിക്കൊണ്ട് ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ ശുചിത്വ മാലിന്യ നിര്‍മാര്‍ജനത്തിന് പണം ഈടാക്കുകയാണ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാദത്തിനിടെ അധിക ചാര്‍ജ് ഈടാക്കുന്ന കേരളത്തിലെ നഗരങ്ങളിലൊന്നായി കൊച്ചിയെ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപയോഗിച്ച സാനിറ്ററി പാഡുകളും ഡയപ്പറുകളും സംസ്‌കരിക്കുന്നതിന് താമസക്കാരില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന്റെ നീക്കത്തെ സ്റ്റേ ചെയ്യണെമെന്ന് ആവശ്യപ്പെട്ട് ഇന്ദു വര്‍മ എന്ന വ്യക്തിയാണ് ഹരജി നല്‍കിയത്.
അതേസമയം നവംബറില്‍ പുറത്തിറക്കിയ ഒരു ഉത്തരവില്‍ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍, വെന്‍ഡിങ് മെഷീനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാനിറ്ററി മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവയുടെ ലഭ്യത സംബന്ധിച്ച നയം അന്തിമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
97 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വെവ്വേറെ ശുചിമുറികളുണ്ടെന്നും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള സാമ്പത്തിക സഹായത്തിലൂടെ സാനിറ്ററി നാപ്കിനുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയ്ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Supreme Court against Kerala’s move to levy additional fee for sanitary waste management scheme