ന്യൂദല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥത എതിര്‍ത്ത് ഹിന്ദു മഹാസഭ. അയോധ്യ കേസ് മതപരവും വൈകാരികവുമായ വിഷയമാണ്, സ്ഥല തര്‍ക്കം മാത്രമല്ല എന്നായിരുന്നു ഹിന്ദു മഹാസഭയുടെ അഭിപ്രായം.
എന്നാല്‍ ഹിന്ദു മഹാസഭയുടെ വാദത്തെ ജസ്റ്റിസ് ബോബ്ദെ എതിര്‍ത്തു.
“നിങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു മുമ്പ് അതിന്റെ തീരുമാനത്തെക്കുറിച്ചാണ് പറയുന്നത്. നിങ്ങള്‍ പറയുന്നത് അത് പരാജയമായിരിക്കുമെന്നാണ്. ഈ കേസ് ഹൃദയത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും ബന്ധങ്ങളുടെ മുറിവുണക്കുന്നതിനെക്കുറിച്ച് കൂടിയാണ്” എന്നായിരുന്നു ജസ്റ്റിസ് ബോബ്ദെ ഹിന്ദു മഹാസഭയ്ക്ക് നല്‍കിയ മറുപടി.
മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ അംഗീകരിച്ചു. തങ്ങള്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് രാജീവ് ധവാന്‍ പറഞ്ഞു.
അയോധ്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുന്‍കാലങ്ങളില്‍ സംഭവിച്ചത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് ബോബ്ദെ വാദം കേള്‍ക്കെ പറഞ്ഞിരുന്നു. “കഴിഞ്ഞ കാലത്ത് എന്തു സംഭവിച്ചു എന്നത് ഞങ്ങള്‍ക്ക് നിയന്ത്രണവിധേയമല്ല, ആരാണ് പിടിച്ചടക്കിയത്, ആരായിരുന്നു രാജാവ്, അമ്പലമായിരുന്നോ, പള്ളിയായിരുന്നോ?. നിലവിലെ തര്‍ക്കത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ഈ തര്‍ക്കം പരിഹരിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്”- എന്നായിരുന്നു ബോബ്ദെ പറഞ്ഞത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്. രാം ജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ ഗൗരവത്തെക്കുറിച്ചും, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമഫലം രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റിയും തങ്ങള്‍ ബോധവാന്മാരാണെന്ന് ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.