ന്യൂദല്‍ഹി: കര്‍ഷക സമരത്തെ തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള നാഷണല്‍ ഹൈവേകള്‍ അടച്ചുപൂട്ടിയതില്‍ ഹരിയാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി. നാഷണല്‍ ഹൈവേകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ദല്‍ഹിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാര്‍ സംസ്ഥാന അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ വെച്ച് തടസപ്പെടുത്തിയത്.
‘ഹൈവേ അടച്ചുപൂട്ടാന്‍ സംസ്ഥാനത്തിന് എന്ത് അധികാരമാണുള്ളത്. ഗതാഗതം നിയന്ത്രിക്കാം. എന്നാല്‍ റോഡുകള്‍ അടച്ചുപൂട്ടാന്‍ സാധിക്കില്ല. നിങ്ങള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയ റോഡുകള്‍ തുറക്കുക,’ എന്നാണ് സുപ്രീം കോടതി പറഞ്ഞത്.
ഫെബ്രുവരി 13ന് സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര) യുടെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പഞ്ചാബിലെ ശംഭുവില്‍ നിലയുറച്ചിരുന്നു. തുടര്‍ന്നാണ് അംമ്പാലയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള ഹൈവേ ഗതാഗതത്തെ ഹരിയാന സര്‍ക്കാര്‍ വിലക്കിയത്.
കഴിഞ്ഞ ദിവസം ശംഭു അതിര്‍ത്തി ഒരാഴ്ചക്കകം തുറക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത്, സംസ്ഥാനം ഹരജി ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണെന്ന് ഹരിയാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
അതിര്‍ത്തിയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഹരിയാനയും പഞ്ചാബും ഒരുപോലെ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയ് പ്രതാപ് സിങ് എന്നയാള്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. അതിര്‍ത്തി തുറക്കുന്ന ദിവസങ്ങളിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ പഞ്ചാബ്-ഹരിയാന സര്‍ക്കാരുകള്‍ സംയുക്ത ഇടപെടല്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
Content Highlight: Supreme Court against Haryana government on closure of national highways