| Friday, 4th August 2023, 4:37 pm

പരമാവധി ശിക്ഷ നല്‍കാനുള്ള സാഹചര്യമെന്ത്? ഉത്തരവില്‍ കാരണം എവിടെ? ഗുജറാത്ത് കോടതികള്‍ക്കെതിരെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേസില്‍ വിചാരണ കോടതിയെയും ഗുജറാത്ത് ഹൈക്കോടതിയെയും വിമര്‍ശിച്ച് സുപ്രീം കോടതി. അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ രാഹുല്‍ ഗാന്ധിക്ക് നല്‍കാനുണ്ടായ സാഹചര്യമെന്തായിരുന്നുവെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായി, പി.എസ്. നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചോദിച്ചു. ഇരു കോടതികളും രാഹുല്‍ ഗാന്ധി നല്‍കിയ അപേക്ഷകള്‍ നിരസിക്കാന്‍ ഒരുപാട് പേജുകള്‍ ചെലവഴിച്ചെങ്കിലും ഈ സാഹചര്യത്തെക്കുറിച്ച് എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

‘ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 499 പ്രകാരം ശിക്ഷാര്‍ഹമായ ഒരു കുറ്റത്തിന് പരമാവധി ശിക്ഷ രണ്ട് വര്‍ഷത്തെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോയാണ്. വിചാരണ കോടതിയുടെ ഉത്തരവില്‍ പരമാവധി രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചു. എന്നാല്‍ പരമാവധി ശിക്ഷ വിധിക്കാനുണ്ടായ കാരണമെന്തായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നില്ല.

ഇവിടെ പരമാവധി ശിക്ഷ നല്‍കാനുണ്ടായ സാഹചര്യമെന്തായിരുന്നു. വിചാരണ കോടതിയും ഹൈക്കോടതിയും അപേക്ഷകള്‍ നിരസിക്കാന്‍ ഒരുപാട് പേജുകള്‍ ചെലവഴിച്ചെങ്കിലും ഈ കാരണങ്ങള്‍ എവിടെയും പരാമര്‍ശിച്ചതായി കാണുന്നില്ല,’ കോടതി ചോദിച്ചു.

രാഹുല്‍ ഗാന്ധിയെ അയാഗ്യനാക്കുന്നതിലൂടെ ഒരു മണ്ഡലം എത്ര കാലം ഒഴിച്ചിടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

‘ഒരു മണ്ഡലം എത്ര കാലം ഒഴിച്ചിടാന്‍ കഴിയും. ഒരുപാട് കാലത്തേക്ക് മണ്ഡലം ഒഴിച്ചിടുന്നത് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടാനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. രണ്ട് വര്‍ഷത്തെ ശിക്ഷ നല്‍കുമ്പോള്‍ അത് ജനങ്ങള്‍ക്കെതിരായ ഒരു നീക്കവും കൂടിയാണ്. അത് വിചാരണ കോടതി പരിശോധിക്കേണ്ടതായിരുന്നു,’ സുപ്രീം കോടതി പറഞ്ഞു.

അതേസമയം പൊതുജീവിതത്തിലുള്ള ഒരാള്‍ പൊതുപ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു.

എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് അദ്ദേഹത്തിനെതിരെ ഹാജരായ അഭിഭാഷകന്‍ മനു സിങ്‌വി പറഞ്ഞു.

‘ഇതില്‍ രാഷ്ട്രീയ നീക്കമുണ്ട്. മോദി എന്ന പേര് ഒരുപാട് പേര്‍ക്ക് ഇന്ത്യയിലുണ്ട്. 13 കോടി ജനങ്ങള്‍ക്കെങ്കിലും ഈ പേരുണ്ട്. മറ്റാര്‍ക്കും പരാതി ഇല്ലാതെ ബി.ജെ.പി നേതാക്കള്‍ മാത്രം പരാതി കൊണ്ടു വരുന്നത് എന്തുകൊണ്ടാണ്.

പട്‌നയിലും ഗുജറാത്തിലും കേസ് നല്‍കിയത് ബി.ജെ.പി നേതാക്കളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണിത്. വ്യക്തമായ തെളിവൊന്നും പരാതിക്കാരന് നല്‍കാന്‍ കഴിഞ്ഞില്ല. പത്രക്കട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. അതിന് പരമാവധി ശിക്ഷ രാഹുല്‍ ഗാന്ധിക്ക് നല്‍കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. രാഹുല്‍ ഗാന്ധി ഒരു എം.പിയാണ്, അദ്ദേഹത്തിന് ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കണം,’ സിങ്‌വി വാദിച്ചു.

രാഹുല്‍ ഗാന്ധി സ്ഥിരമായി ഇത്തരം പ്രസംഗങ്ങള്‍ നടത്താറുണ്ടെന്നായിരുന്നു പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനിയുടെ വാദം.

‘രാഹുല്‍ ഗാന്ധി സ്ഥിരമായി ഇത്തരത്തിലുള്ള തെറ്റുകള്‍ ചെയ്യുന്ന വ്യക്തിയാണ്. സുപ്രീം കോടതി നേരത്തെ റഫാല്‍ കേസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പ്രസംഗങ്ങള്‍ നടത്തിയ ചരിത്രമുള്ള വ്യക്തിക്ക് ഇളവ് തേടാന്‍ അവകാശമില്ല. ഇപ്പോഴുള്ള കേസിലും അദ്ദേഹം ഒരു പശ്ചാത്താപവും കാണിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

ഇന്നാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും പറഞ്ഞായിരുന്നു സുപ്രീം കോടതിയില്‍ രാഹുല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. കേസില്‍ മാപ്പ് പറയില്ലെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എം.പി എന്ന നിലയില്‍ കേസ് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും സത്യവാങ്ങ്മൂലത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.

കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

CONTENT HIGHLIGHTS: SUPREME COURT AGAINST GUJARATH COURTS

We use cookies to give you the best possible experience. Learn more