കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നതിൽ എന്താണ് തടസം?; വായ്പാ പരിധിയിൽ തീരുമാനം നാളെ തന്നെ അറിയിക്കണമെന്ന് സുപ്രീം കോടതി
Kerala News
കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നതിൽ എന്താണ് തടസം?; വായ്പാ പരിധിയിൽ തീരുമാനം നാളെ തന്നെ അറിയിക്കണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2024, 11:49 am

ന്യൂദൽഹി: വായ്പാ പരിധിയിൽ അടുത്ത പത്ത് ദിവസത്തിനകം കേരളത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി.

പ്രത്യേക പാക്കേജ് പരിഗണിക്കണമെന്നും അടുത്ത പത്ത് ദിവസങ്ങൾക്കകം ഒറ്റത്തവണയായി നൽകണമെന്നും കോടതി നിർദേശിച്ചു.

ഏപ്രിൽ ഒന്നിന് 5000 കോടി രൂപ കേരളത്തിന് നൽകാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേരളത്തിന് പ്രതിസന്ധി മറികടക്കാൻ അടിയന്തര സഹായം വേണമെന്നും കേന്ദ്രം അതിന് തയ്യാറാകുന്നില്ലെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ അറിയിച്ചു.

നേരത്തെ 13,600 കോടി രൂപ അനുവദിച്ചതിൽ 8,000 കോടി രൂപ ഇതിനകം നൽകിയെന്നും 4,500 കോടി രൂപ ഊർജ മന്ത്രാലയം നൽകുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കോടതിയിൽ പറഞ്ഞു.

ഈ മാസം 13,600 കോടി രൂപയിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം കോടതിയോട് പറഞ്ഞത്‌. പകരം അടുത്ത മാസം ഒന്നാം തീയതി തന്നെ ആദ്യ ഗഡുവായ 5,000 കോടി രൂപ നൽകാമെന്ന് കേന്ദ്രം അറിയിച്ചു.

എന്നാൽ ഇപ്പോഴാണ് കേരളത്തിന് പ്രതിസന്ധിയെന്നും അടുത്ത പത്ത് ദിവസസങ്ങൾക്കുള്ളിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു.

കേരളത്തിന് പ്രത്യേക പരിഗണന നൽകുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിച്ചു.

എത്ര തുക നൽകാൻ കഴിയുമെന്ന് ആലോചിച്ച് അറിയിക്കാമെന്ന് അറ്റോണി ജനറൽ അറിയിച്ചു. ഇതിനായി ഒരു ദിവസത്തെ സമയമാണ് കോടതി നൽകിയത്.

കടമെടുപ്പ് പരിധി വെട്ടി കുറച്ച് കേന്ദ്ര നടപടിക്കെതിരെ കേരളം സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

അടിയന്തരമായി 26,000 കോടി രൂപ കൂടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രവും കേരളവും ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.

ഹരജി പിൻവലിച്ചാൽ 13,000 കോടി ഉടൻ അനുവദിക്കാമെന്ന കേന്ദ്ര വാഗ്ദാനം കേരളം തള്ളിയിരുന്നു.

സമവായ ചർച്ചയും സുപ്രീംകോടതിയിലെ കേസും ഒരുമിച്ച് പോകില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ 13,600 കോടി രൂപ നൽകാമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പിന്നീട് അറിയിക്കുകയായിരുന്നു.

Content Highlight: Supreme court against Central Government in Kerala borrowing limit case