| Tuesday, 9th May 2023, 5:01 pm

കര്‍ണാടകയിലെ മുസ്‌ലിം സംവരണത്തിനെതിരെയുള്ള പരാമര്‍ശം; അമിത് ഷാക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന വിഷയത്തില്‍ പൊതു മണ്ഡലത്തില്‍ അഭിപ്രായം പറയുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയാണ് വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്.

മുസ്‌ലിം സംവരണം റദ്ദാക്കിയതിനെതിരെയുള്ള ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം.

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദേവ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

‘ മുസ്‌ലിങ്ങള്‍ക്കെതിരായുള്ള സംവരണം പിന്‍വലിച്ചതായി ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തി. എന്നാല്‍ ഈ തീരുമാനം നടപ്പാക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ മുമ്പാകെ കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതി ഉറപ്പ് നല്‍കിയ കേസില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണ്,’ ദേവ് പറഞ്ഞു.

തുടര്‍ന്നാണ് ജസ്റ്റിസുമാര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.

‘നിങ്ങള്‍ ഈ പറയുന്നത് സത്യമാണെങ്കില്‍, വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ആരുടെയെങ്കിലും പ്രസ്താവനകള്‍ എന്തിനാണ്?’ ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.

പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രചാരണ റാലിയിലാണ് അമിത്ഷാ കര്‍ണാടകയില്‍ മുസ്‌ലിം സംവരണം റദ്ദാക്കിയതിനെക്കുറിച്ച് പ്രസ്താവന നടത്തിയത്. അടുത്തിടെ ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ മുസ്‌ലിങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കിയിരുന്നു.

ഹരജി ജൂലൈ 25 ന് വീണ്ടും പരിഗണിക്കും. വിജ്ഞാപനം ഉടന്‍ നടപ്പിലാക്കില്ലെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറിയിച്ചു.

content highlight: supreme court against amit shah

We use cookies to give you the best possible experience. Learn more