കേരള നിയമസഭയിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് മുന്‍ മന്ത്രിയും എന്‍.സി.പി നേതാവും ആയ തോമസ് ചാണ്ടി. പണത്തിന് വലിയ പഞ്ഞം ഒന്നും ഇല്ല. എന്നാല്‍ സുപ്രീം കോടതിയിലെ ഇപ്പോഴത്തെ കേസ് നടത്തിപ്പിലെ ചിലവ് സാക്ഷാല്‍ തോമസ് ചാണ്ടിയെ പോലും കരയിപ്പിക്കുന്നതാണ്.
തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രീം കോടതി ആദ്യം പരിഗണിച്ചത് ഡിസംബര്‍ 15 ന്. അന്ന് ചീഫ് ജസ്റ്റിസ് കോടതിയില്‍ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജര്‍ ആയത് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും, സീനിയര്‍ അഭിഭാഷകന്‍ വിവേക് തന്‍ഖയും. മുകുള്‍ റോത്തഗി എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. “ഈ കേസ് കേള്‍ക്കുന്നതില്‍ നിന്ന് എന്റെ ഒപ്പം ഉള്ള ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പിന്മാറുന്നു.അതിനാല്‍ മറ്റൊരു ബെഞ്ചില്‍ ഈ ഹര്‍ജി ലിസ്റ്റ് ചെയ്യട്ടെ”.
രണ്ടാമതായി കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നത് ജനുവരി 11 ന്. അന്ന് തോമസ് ചാണ്ടിക്ക് വേണ്ടി മുകുള്‍ റോത്തഗി ഹാജര്‍ ആയി. കേസ് വിളിച്ചപ്പോള്‍ റോത്തഗി എണീറ്റു. റോത്തഗി എന്തെങ്കിലും പറയുന്നതിന് മുമ്പ് ജസ്റ്റിസ് സാപ് റേ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു കത്ത് ഉണ്ട്. അതിനാല്‍ വെള്ളിയാഴ്ച (15/ 01 / 2018) കേള്‍ക്കാം.
വെള്ളിയാഴ്ച കേസ് വന്നപ്പോള്‍ വീണ്ടും റോത്തഗി എണീറ്റു. വാദിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ജസ്റ്റിസ് സാപ് റേ പറഞ്ഞു. ഈ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. വേറെ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപെടുന്നു.
ഇന്ന് ജസ്റ്റിസ് മാരായ കുര്യന്‍ ജോസഫ്, അമിതാവ റോയ് എന്നിവരുടെ മുന്നില്‍ ആയിരുന്നു കേസ് ലിസ്റ്റ് ചെയ്തിരുന്നത്. 61ാമത്തെ ഐറ്റം. അന്‍പതാമത്തെ കേസ് കോടതി പരിഗണിച്ച് കൊണ്ടിരുന്നപ്പോള്‍ മുകുള്‍ റോത്തഗി കോടതിയില്‍ എത്തി. 58ാമത്തെ കേസ് നീണ്ടു പോയപ്പോള്‍ അദ്ദേഹം കോടതിക്ക് പുറത്തേക്ക് പോയി. 10 മിനുട്ടിന് ഉള്ളില്‍ 61ാമത്തെ കേസ് വിളിച്ചു.
തോമസ് ചാണ്ടിയുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ശശിപ്രഭു “പാസ് ഓവര്‍” ചോദിച്ചു. ഒരു നിമിഷം പോലും വൈകാതെ ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു “I am not hearing this matter”. പാവം തോമസ് ചാണ്ടി.
സുപ്രീം കോടതിയിലെ 13 കോടതികളില്‍ മൂന്ന് എണ്ണത്തില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി കയറി ഇറങ്ങി. ഇനി 25 ന് സുപ്രീം കോടതിയില്‍ ഈ ഹര്‍ജി വരാന്‍ ആണ് സാധ്യത. അന്ന് ഏത് ബെഞ്ചില്‍ ആണോ ആവൊ ഈ ഹര്‍ജി വരിക?
ഇത് വരെ നാല് തവണ (ഇന്ന് ഉള്‍പ്പടെ) മുകുള്‍ റോത്തഗി ഈ കേസില്‍ തോമസ് ചാണ്ടിക്ക് വേണ്ടി കോടതിയില്‍ എത്തിയിരുന്നു. കൃത്യമായി എത്രയാണ് റോത്തഗി ഈ കേസില്‍ ചാര്‍ജ് ചെയ്യുന്നത് എന്ന് അറിയില്ല. ഏറ്റവും ചുരുങ്ങിയത് 14 ലക്ഷം ആണെന്ന് കണക്ക് കൂട്ടിയാല്‍, ഇന്ന് വരെ ഉള്ള ബില്ല് 56 ലക്ഷം. ആദ്യത്തെ ദിവസം വിവേക് തന്‍ഖയുടെ ബില്ല്. അത് എത്ര എന്ന് ഒരു ഊഹം പോലും ഇല്ല. ഇതിനൊക്കെ പുറമെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ശശി പ്രഭുവിന്റെ ഫീസും. മുകേഷ് അംബാനി ഉള്‍പ്പടെ ഉള്ള കോര്‍പറേറ്റ് ഭീമന്മാരുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആണ് ശശി പ്രഭു. ചുരുക്കി പറഞ്ഞാല്‍ നോട്ടീസ് ലഭിക്കാനുള്ള വാദം പോലും ആരംഭിക്കുന്നതിനു മുമ്പ് തോമസ് ചാണ്ടിക്ക് ഏറ്റവും ചുരുങ്ങിയത് അര കോടിക്ക് അപ്പുറം ചെലവായി കാണും.
കുട്ടനാട്ടില്‍ ഇപ്പോള്‍ വസ്തുവിന് എങ്ങനെ ആണ് വില എന്ന് അറിയില്ല. ഇനി ഒന്ന് രണ്ട് ജഡ്ജിമാര്‍ കൂടി പിന്മാറിയാല്‍ ഏതാണ്ട് ലേക്ക് പാലസിന്റെ വിലയോളം വക്കീല്‍ ഫീസ് ഇനത്തില്‍ തോമസ് ചാണ്ടിക്ക് ചെലവാകും എന്നാണ് തോന്നുന്നത്. തോമസ് ചാണ്ടിയുടെ സ്ഥാനത്ത് വല്ല എ കെ ശശീന്ദ്രനും ആയിരുന്നു എങ്കില്‍ എന്താകും ആയിരുന്നു സ്ഥിതി?