ന്യൂദൽഹി: സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദൽഹിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
രാജ്യം 2007ൽ പദ്മവിഭൂഷൺ, 1991ൽ പദ്മഭൂഷൺ എന്നിവ നൽകി ആദരിച്ചിരുന്നു. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾക്കെതിരെയുള്ള അപകീർത്തി കേസുകളിലും അനുച്ഛേദം 370 സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെയും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു.
രാജ്യസഭാ അംഗവുമായിരുന്ന അദ്ദേഹം 1950ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1972-75 കാലഘട്ടത്തിൽ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം പദവിയിൽ നിന്ന് രാജിവെച്ചു.