| Wednesday, 13th November 2024, 8:41 pm

സ്വന്തം കാലില്‍ നില്‍ക്കണം, ശരദ് പവാറിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുത്; അജിത് പവാറിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാറിനെ ഉപദേശിച്ച് സുപ്രീം കോടതി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഉപദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് എന്‍.സി.പി അജിത് പവാര്‍ പക്ഷത്തിന് ഉപദേശം നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അവിഭക്ത എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇരുപാര്‍ട്ടികളും തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

‘എന്‍.സി.പി ശരദ് പവാര്‍ പക്ഷവുമായി നിങ്ങള്‍ക്കിപ്പോള്‍ ആശയപരമായ വ്യത്യാസമുണ്ട്. ബന്ധം വേര്‍പെടുത്തി രണ്ട് പാര്‍ട്ടികള്‍ രൂപീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുത്,’ എന്നാണ് കോടതി വ്യക്തമാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതില്‍ നിന്ന് അജിത് പവാറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ശരദ് പവാറിനായി ഹാജരായ അഭിഭാഷകന്‍ മനു സിങ്‌വി കോടതിയുടെ ഉത്തരവ് ലംഘിച്ച് അജിത് പക്ഷം പ്രചാരണം നടത്തിയതിന്റെ തെളിവുകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കി.

നേരത്തെ നിരാകരണത്തോടെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കണമെന്ന് കോടതി അജിത് പവാര്‍ പക്ഷത്തോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തെ മുന്‍നിര്‍ത്തിയായിരുന്നു സിങ്‌വിയുടെ നീക്കം.

കഴിഞ്ഞ ദിവസം ശരദ് പവാര്‍, ഗൗതം അദാനി എന്നിവര്‍ക്കെതിരെ അജിത് പവാര്‍ ഏതാനും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും എന്‍.സി.പിയും സഖ്യചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും ചര്‍ച്ചകളുടെ മധ്യസ്ഥന്‍ അദാനി ആണെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

എന്നാല്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ശരദ് പവാര്‍ വിസമ്മതിച്ചോടെയാണ് താന്‍ ഉപമുഖ്യമന്ത്രി ആയതെന്നും അജിത് പവാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അവിഭക്ത ശിവസേനയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ശരദ് പവാര്‍ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചത്.

അജിത് പവാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. നവംബര്‍ 20നാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Supreme Court advised Ajit Pawar to learn to stand on his own feet

We use cookies to give you the best possible experience. Learn more