ശ്രീനഗര്‍: കശ്മീര്‍ ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 35 (എ) അനുച്ഛേദത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ഇത്രയും സങ്കീര്‍ണമായ വിഷയത്തില്‍ രണ്ടംഗബെഞ്ചിന് വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
35(എ) അനുച്ഛേദം ഒരു ദിവസം മുമ്പു ഭരണഘടനയില്‍ ഉള്‍പ്പെട്ടതല്ലെന്നും ഒറ്റ ദിവസത്തില്‍ വാദം കേള്‍ക്കാവുന്ന വിഷയമല്ല ഇതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 35(എ) അനുച്ഛേദം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമാണോ എന്നു കോടതിക്ക് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം അവസാന ആഴ്ച വീണ്ടും വാദം കേള്‍ക്കും.
Read: ജസ്റ്റിസ് കെ.എം ജോസഫ് ജൂനിയര്‍ ജഡ്ജി തന്നെ: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം
ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വാദം കേട്ടിരുന്നത്. ഇന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഹാജരായിരുന്നില്ല. ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സംഘടനകള്‍ ഉള്‍പ്പെട്ട ജോയിന്റ് റസിസ്റ്റന്‍സ് ലീഡര്‍ഷിപ് (ജെ.ആര്‍.എല്‍) സമരത്തിനു ആഹ്വാനം ചെയ്തിരുന്നു.
ക്രമസമാധാന നില തകരാറിലാകാതിരിക്കാന്‍ പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ വന്‍തോതില്‍ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. അമര്‍നാഥിലേക്കുള്ള തീര്‍ഥാടനവും മുടങ്ങി. നൂറുകണക്കിനു തീര്‍ഥാടകര്‍ ബേസ് ക്യാംപില്‍ തന്നെ തങ്ങുകയാണ്.
വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസിന്‍ മാലിക് എന്നിവരുള്‍പ്പെട്ട ജെ.ആര്‍.എല്ലിന്റെ സമരാഹ്വാനത്തിന് ബാര്‍ അസോസിയേഷന്‍, വ്യാപാരി സംഘടനകള്‍ തുടങ്ങിയവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കശ്മീരില്‍ സ്ഥാവര സ്വത്തുക്കള്‍ വാങ്ങുകയോ സ്ഥിരതാമസമാക്കുകയോ സംസ്ഥാന സര്‍ക്കാര്‍ ജോലി നേടുകയോ ചെയ്യുന്നതു വിലക്കുന്ന 35(എ) അനുച്ഛേദത്തിന്റെ സാധുത ചോദ്യം ചെയ്ത് “വീ ദ് സിറ്റിസന്‍സ്” എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കോടതിയിലെത്തിയത്.
35(എ) അനുച്ഛേദം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ലെന്നും 1954ല്‍ പ്രസിഡന്റിന്റെ ഉത്തരവിന്റെ ബലത്തില്‍ നടപ്പാക്കുകയാണു ചെയ്തിട്ടുള്ളതെന്നും അതിനാല്‍ നിയമസാധുതയുള്ള ഭേദഗതിയല്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജമ്മുകാശ്മീര്‍ ബാര്‍ അസോസിയേഷനും നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.