| Thursday, 7th September 2023, 10:06 am

ഇ.വി.എമ്മിലെ വോട്ട് വിവിപാറ്റുമായി ഒത്തുനോക്കൽ; ഹരജി അടിയന്തരമായി പരിഗണിക്കേണ്ടെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വോട്ടിങ് യന്ത്രത്തിലെ വോട്ട് വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.
മാനുഷികമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ തന്നെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സമ്മതിച്ചിട്ടുള്ളതിനാലും തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നതിനാലും ഹരജി അടിയന്തര സ്വഭാവമുള്ളതായി പരിഗണിക്കണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടെങ്കിലും കോടതി ഹരജി നവംബറിലേക്ക് മാറ്റി.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ് (എ.ഡി.ആർ) നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ടിങ് യന്ത്രത്തിൽ തന്റെ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വോട്ട് എണ്ണപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് എ.ഡി.ആർ നൽകിയ ഹരജിയിൽ പറയുന്നു.

വിവിപാറ്റ് വന്നതോട് കൂടി വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വോട്ട് ചെയ്ത് ഏഴ് സെക്കൻഡ് സമയം വിവിപാറ്റ് സ്‌ലിപ്പിൽ കാണാൻ സാധിക്കും. പിന്നീട് ഈ സ്‌ലിപ്പ് ബാലറ്റ് പെട്ടിയിൽ വീഴുന്നു. എന്നാൽ നമ്മൾ ചെയ്ത് വോട്ട് എണ്ണപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ നിലവിൽ മാർഗമില്ല. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിൽ മാത്രമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുമായി വിവിപാറ്റ് ഒത്തുനോക്കുന്നത്.

അതേസമയം, ഈ വിഷയത്തിൽ ഇടയ്ക്കിടെ ഹരജിയുമായി കോടതിയെ സമീപിക്കുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിമർശനമുയർത്തി.
‘ഓരോ വർഷവും പുതിയ ഹരജികൾ ഈ വിഷയത്തിൽ ഫയൽ ചെയ്യുകയാണ്. എത്ര കേസുകളാണ് പരിഗണിച്ചുകഴിഞ്ഞത്. ഈ വിഷയം എത്ര പ്രാവശ്യം താങ്കൾ കോടതിയിൽ ഉന്നയിക്കും? ആറ് മാസം കൂടുമ്പോൾ നിങ്ങൾ വീണ്ടും ആവശ്യം ഉന്നയിക്കുകയാണ്.

വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചു. ഞങ്ങളത് പരിശോധിച്ചതാണ്. അടിയന്തരമായി ഒന്നുമില്ല. സാധാരണ കേസ് പോലെ പരിഗണിച്ചാൽ മതി.’ കോടതി പറഞ്ഞു.

ഹരജി അടിയന്തര സ്വഭാവമുള്ളതാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ താൻ കേന്ദ്ര സർക്കാരിന് മറുപടി നൽകാമെന്നും എ.ഡി.ആറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ കോടതിയിൽ ബോധിപ്പിച്ചു.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ അപാകതകൾ ഉണ്ടെന്ന് ആരോപിച്ചാണ് അതേ വർഷം തന്നെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. രജിസ്റ്റർ റെക്കോർഡുമായി ഇ.വി.എം ഒത്തുനോക്കണം എന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. ഏറ്റവും പുതിയ ഹരജിയിൽ ഇ.വി.എം വിവിപാറ്റുമായി ഒത്തുനോക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരുടെ പോളിങ്ങും അന്തിമ വോട്ടെണ്ണലും സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര നൽകിയ സമാന ഹരജിയുമായി ചേർക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

മേയ് മാസത്തിൽ ഹരജി പരിഗണിക്കുമ്പോൾ, ഹർജിക്കാർ അനാവശ്യമായ സംശയം പ്രകടിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞിരുന്നു.

Content Highlight: Supreme Court Adjourns Hearing Of PIL Seeking EVM-VVPAT Tally, Says There Is No Urgency

We use cookies to give you the best possible experience. Learn more