ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി മാറ്റി സുപ്രീം കോടതി. ആഗസ്റ്റ് നാലിലേക്കാണ് ഹരജി മാറ്റിവെച്ചിരിക്കുന്നത്. മോദി പരാമര്‍ശത്തിലെ ശിക്ഷ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി.ആര്‍.ഗവായ്, പ്രശാന്ത് കിഷാര്‍ മിശ്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്.
വാദം കേള്‍ക്കുന്നതിന് മുമ്പ് തന്റെ പിതാവ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും സഹോദരന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. അതുകൊണ്ട് ഈ വിഷയം താന്‍ പരിഗണിക്കുന്നതില്‍ എന്തെങ്കിലും വിഷയമുണ്ടോയെന്നും ഇരു കക്ഷികള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകരോട് അദ്ദേഹം ചോദിച്ചു.
എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഡ്വ. ഡോ.അഭിഷേക് മനു സിങ്‌വിയും പരാതിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനിയും എതിര്‍പ്പ് പറഞ്ഞില്ല.
വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് പരിഗണിച്ച് വാദം നേരത്തെ കേള്‍ക്കണമെന്ന് സിങ്‌വി ആവശ്യപ്പെട്ടു.
‘111 ദിവസമായി പരാതിക്കാരന്‍ കഷ്ടപ്പെടുന്നു. അദ്ദേഹത്തിന് ഒരു പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഒരു സമ്മേളനം ഇപ്പോള്‍ നഷ്ടമാകും. വയനാട് പാര്‍ലമെന്ററി മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടക്കും.
അയോഗ്യതയെക്കുറിച്ച് ജെത്മലാനിക്ക് ആശങ്കയുണ്ടാകില്ല. അയോഗ്യത റദ്ദാക്കണം,’ സിങ്‌വി പറഞ്ഞു.
എന്നാല്‍ ഗവായ് ഹൈക്കോടതി 200 പേജുള്ള ഉത്തരവാണ് പുറത്തിറക്കിയതെന്നും ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് അസാധാരണമാം വിധം ദൈര്‍ഘ്യമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.
തുടര്‍ന്ന് എതിര്‍ഭാഗത്തിന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് പറഞ്ഞ് കോടതി ഹരജി മാറ്റിവെക്കുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതിയോടും പരാതിക്കാരനായ പൂര്‍ണേഷ് മോദിയോടും പ്രതികരണം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തെ സമയമാണ് കോടതി നല്‍കിയിരിക്കുന്നത്.
അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്.
സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
സൂറത്ത് കോടതി ശിക്ഷിച്ച ശേഷവും രാഹുല്‍ ഗാന്ധി സമാന കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് രാഹുലിനെതിരെ കേസുണ്ട്.സൂറത്ത് വിചാരണ കോടതിയുടെ ഉത്തരവ് ഉചിതമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിലാണ് കേസ്.
content highlights: Supreme Court adjourned Rahul Gandhi’s defamation case to August 4; Notice to Purnesh Modi too