വിവാഹം കാലക്രമേണ വികസിച്ചുവന്നത്; ഭരണഘടന രൂപം കൊണ്ടത് പാരമ്പര്യങ്ങളെ മാറ്റിമറിച്ച്: സുപ്രീം കോടതി
national news
വിവാഹം കാലക്രമേണ വികസിച്ചുവന്നത്; ഭരണഘടന രൂപം കൊണ്ടത് പാരമ്പര്യങ്ങളെ മാറ്റിമറിച്ച്: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 1:00 pm

ന്യൂദല്‍ഹി: വിവാഹം കാലക്രമേണ വികസിച്ച് വന്ന സങ്കല്‍പ്പമാണെന്ന് സുപ്രീം കോടതി. പാരമ്പര്യങ്ങളെ പൊളിച്ച് കൊണ്ട് വന്നതാണ് ഭരണഘടനയെന്നും ആ ഭരണഘടനക്ക് കീഴില്‍ വിവാഹം കഴിക്കാന്‍ അവകാശമില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹരജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ്.രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

‘ഇന്ത്യന്‍ ഭരണഘടന പാരമ്പര്യത്തെ പൊളിക്കുന്നതാണ്. പാരമ്പര്യങ്ങളെ തിരുത്തിക്കുറിച്ചത് കൊണ്ടാണ് ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 14ഉം 15ഉം 17ഉം ഉള്‍പ്പെടുത്തിയത്. നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പ് വരുത്തുന്നതാണ് ആര്‍ട്ടിക്കിള്‍ 14. മതം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയെ മുന്‍നിര്‍ത്തിയുള്ള വിവേചനം ആര്‍ട്ടിക്കിള്‍ 15ഉം അയിത്തം ഇല്ലാതാക്കുന്നത് ആര്‍ട്ടിക്കിള്‍ 17മാണ്,’ ജസ്റ്റിസ് ഭട്ട് പറഞ്ഞു.

മധ്യപ്രദേശിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, ഭിന്നലിംഗക്കാരായ ദമ്പതികള്‍ക്ക് ആചാരവും വ്യക്തിനിയമവും മതവും അനുസരിച്ച് വിവാഹം ചെയ്യാന്‍ അവകാശമുണ്ടെന്ന് വാദിച്ചിരുന്നു. അതിന് മറുപടി നല്‍കുകയായിരുന്നു കോടതി.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന വിഷയങ്ങള്‍ നിയമനിര്‍മ്മാണ സഭക്ക് നല്‍കണമെന്നും ദ്വിവേദി വാദിച്ചിരുന്നു.

‘വിവാഹത്തിന് ഭരണഘടനാപരമായ സംരക്ഷണത്തിന് അര്‍ഹതയുണ്ട്. പാരമ്പര്യത്തെ മാറ്റി മറിച്ച ഭരണഘടനയ്ക്ക് കീഴില്‍ വിവാഹം കഴിക്കാന്‍ അവകാശമില്ലെന്ന് പറയാന്‍ സാധിക്കില്ല. വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന് രാഷ്ട്രത്തിന് താല്‍പര്യമുണ്ടെന്നത് നിഷേധിക്കാനാവില്ല,’ കോടതി നിരീക്ഷിച്ചു.

വാദത്തിന്റെ എട്ടാം ദിനമായ ചൊവ്വാഴ്ചയാണ് കോടതി വിവാഹം കാലക്രമേണ വികസിച്ചതാണെന്ന നിരീക്ഷണം നടത്തിയത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ കേന്ദ്രത്തിന്റേതടക്കം നിരവധി ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.

content highlight: supreme court about marraige