| Tuesday, 27th April 2021, 3:38 pm

പ്രതിസന്ധി സമയത്തല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുക; വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നതെങ്ങനെയെന്ന് സുപ്രീംകോടതി. വിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു. ഓക്‌സിജന്‍ പ്രതിസന്ധിയുടെ കാര്യത്തിലും കേന്ദ്രം സത്യാവസ്ഥ ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

കൊവിഡ് വാക്സിന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇതില്‍ ഇടപെടാമെന്നും കോടതി പറഞ്ഞു. പ്രതിസന്ധിയുടെ സമയത്തല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുക എന്നും കോടതി ചോദിച്ചു.

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ തങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും ഹൈക്കോടതിയെ തടയുക എന്നതല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതി കൈകാര്യം ചെയ്യേണ്ട ചില ദേശീയ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതില്‍ ഇടപെടാതെ മിണ്ടാതിരിക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. ഹെക്കോടതികളുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൈ കടത്തില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിലവില്‍ 11 ഹൈക്കോടതികളില്‍ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നുണ്ട്. കൊവിഡ് വ്യാപനം സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ സ്വമേധയാ കേസ് എടുത്തിരുന്നു.

ഏപ്രില്‍ 30ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Supreme Court about covid  Vaccine

We use cookies to give you the best possible experience. Learn more