മധ്യപ്രദേശ് സര്‍ക്കാര്‍ വെള്ളയാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി; വോട്ടെടുപ്പ് ചിത്രീകരിക്കും
ന്യൂദല്‍ഹി: പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശില്‍ വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി.
വിശ്വാസ വോട്ടെടുപ്പ് നിയമപ്രകാരം തന്നെ നടത്തണമെന്നും വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് നടത്തുന്നത് ചിത്രീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് മാറിയതുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമായത്.
ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എം.എല്‍.എമാരും സിന്ധ്യ മാറിയതിനു പിന്നാലെ രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായത്.
അതേസമയം മധ്യപ്രദേശില്‍ നടക്കുന്നത് ബി.ജെ.പിയുടെ മാഫിയാ രാഷ്ട്രീയമാണെന്ന് കമല്‍ നാഥ് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ പിന്തുണയുള്ള ആ മാഫിയക്കെതിരെയാണ് ഞങ്ങള്‍ നീക്കങ്ങള്‍ നടത്തുന്നതെന്നും വിമത എം.എല്‍.എമാരാരും കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കമല്‍നാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.