'ദി കേരള സ്റ്റോറി'; ഹൈക്കോടതി ഉത്തരവിനെതിരായ ഹരജി സുപ്രീംകോടതി പരിഗണിക്കും
Kerala News
'ദി കേരള സ്റ്റോറി'; ഹൈക്കോടതി ഉത്തരവിനെതിരായ ഹരജി സുപ്രീംകോടതി പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 1:25 pm

ന്യൂദല്‍ഹി: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം തടയാനാവില്ലെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് പി.എസ് നരിമാനും അടങ്ങുന്ന ബെഞ്ചിന് മുന്‍പാകെ കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളുമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ജസ്റ്റിസ് നഗരേഷ്, സോഫി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്. ഇതൊരു ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും കോടതി ചോദിച്ചു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

 

‘ഇത്തരത്തിലൊരു ചിത്രം എങ്ങനെയാണ് സമൂഹത്തിന് എതിരാകുന്നത്. നിയമാനുസൃത സംവിധാനത്തിലൂടെ ഇതിന്റെ പരിശോധനകള്‍ കഴിഞ്ഞതാണ്. സെന്‍സര്‍ ബോര്‍ഡ് സിനിമ വിലയിരുത്തിയതുമാണ്’, കോടതി പറഞ്ഞു.

ഇതൊരു സാങ്കല്‍പ്പിക ചിത്രമാണ്. അതിന്റെ കഥാപരിസരം സാങ്കല്‍പ്പിക പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നതാണ്. ചരിത്രപരമല്ലാത്ത സിനിമ ആയത് കൊണ്ട് തന്നെ സിനിമയുടെ പ്രദര്‍ശനം എങ്ങനെ കുറ്റകരമാകുമെന്നും കോടതി ചോദിച്ചു.

ചിത്രം ഏതു തരത്തിലാണ് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നത്. ഇസ്‌ലാം മതത്തിനെതിരെ ട്രെയ്‌ലറില്‍ പരാമര്‍ശമൊന്നുമില്ലലോ, ഐ.എസിന് എതിരെയല്ലെ പരാമര്‍ശമെന്നും കോടതി ചോദിച്ചു. ഇത്തരം സംഘടനകളെ പറ്റി എത്രയോ സിനിമകളില്‍ ഇതിനകം വന്നിരിക്കുന്നു. ഇപ്പോള്‍ മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. ഐ.എസ് റിക്രൂട്ട്മെന്റിനായി
ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്‌നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതുവലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

Contenthighlight: Suprem cout appeal highcourt order on the kerala  story