|

വിധി വസ്തുതാപരമായ തെറ്റ്; മണിപ്പൂര്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരില്‍ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഗോത്ര വിഭാഗവും മെയ്തി വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

വിധി വസ്തുതപരമായ തെറ്റാണെന്നും സമുദായങ്ങളെ പട്ടികവര്‍ഗമായി തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ തത്ത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

‘മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവ് ഞങ്ങള്‍ക്ക് സ്‌റ്റേ ചെയ്യേണ്ടി വരും. ഇത് വസ്തുതപരമായ തെറ്റാണ്. ജസ്റ്റിസ് മുരളീധരന് തെറ്റുതിരുത്താന്‍ സമയം നല്‍കിയെങ്കിലും അദ്ദേഹം അത് ചെയ്തില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ഹൈക്കോടതി പിന്തുടരുന്നില്ലെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യണം,’ കോടതി ചോദിച്ചു.

ഹൈക്കോടതി വിധി സംസ്ഥാനത്ത് അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെ മണിപ്പൂരിലെ ആദിവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പര്‍ദിവാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ മെയ്തി വിഭാഗത്തിനെയും പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് മെയ്തി സമുദായവും പട്ടികവര്‍ഗ വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെക്കുകയും നിരവധി പേര്‍ക്ക് കലാപത്തില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഹൈക്കോടതി വിധി സുപ്രീംകോടതിയുടെ വിധികള്‍ക്ക വിരുദ്ധമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോലിന്‍ ഗോന്‍സാല്‍വെസ് പറഞ്ഞു.

മാര്‍ച്ച് 27ന് ജസ്റ്റിസ് മുരളീധരന്റെ വിധിക്കെതിരെ ഓള്‍ മണിപ്പൂര്‍ ട്രൈബല്‍ യൂണിയന്‍ റിട്ട് നല്‍കിയിരുന്നെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ റിട്ടില്‍ ഹൈക്കോടതിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേസ് ജൂണ്‍ 6ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

Contenthighlight: suprem court criticizes manipur high cout order